നിമിഷ പ്രിയയുടെ വധശിക്ഷയിൽ കൂടുതലൊന്നും ചെയ്യാനില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ

ന്യൂഡല്‍ഹി : യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച് ഇടപെടല്‍ നടത്താൻ പരിമിതിയുണ്ടെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയില്‍. സേവ് നിമിഷപ്രിയ ഇന്‍റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ നിമിഷപ്രിയയുടെ മോചനത്തിന് കേന്ദ്ര സര്‍ക്കാരിന്‍റെ അടിയന്തര നയതന്ത്ര ഇടപെടല്‍ തേടി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വധശിക്ഷ ഈ മാസം പതിനാറിന് നടപ്പാക്കാൻ യെമൻ അധികൃതർ തീരുമാനിച്ച സാഹചര്യത്തിലാണ് ആക്ഷൻ കൗൺസിൽ കോടതിയിലെത്തിയത്.
ഹർജി പരിഗണിക്കുന്നതിനിടെ കേന്ദ്രത്തിനായി ഹാജരായ അറ്റോര്‍ണി ജനറല്‍ വെങ്കിട്ട രമണിയാണ് കേന്ദ്ര നിലപാട് കോടതിയെ അറിയിച്ചത്. യെമനുമായി ഇന്ത്യയ്‌ക്ക് നയതന്ത്ര ബന്ധമില്ലെന്നും നിമിഷപ്രിയയുടെ മോചനത്തിന് വേണ്ടി ഇടപെടാന്‍ പരിമിതികളുണ്ടെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു. ദിയാധനം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളും ഒത്തു തീര്‍പ്പ് ചര്‍ച്ചകളും നടക്കുന്നുണ്ട്.
ഇവയെല്ലാം അനൗദ്യോഗികമായി നടക്കുന്നതാണെന്ന് കേന്ദ്രത്തിന്‍റെ അഭിഭാഷകൻ കോടതിയില്‍ വ്യക്തമാക്കി. സുപ്രീം കോടതി ജഡ്‌ജുമാരായ വിക്രം നാഥ്, സന്ദീപ് മെഹ്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. വധശിക്ഷ നടപ്പിലായാല്‍ സങ്കടകരമാണെന്ന് സുപ്രീം കോടതി പ്രതികരിച്ചു. ഹർജി വെള്ളിയാഴ്‌ച വീണ്ടും പരിഗണിക്കും.
അതേസമയം, നിമിഷപ്രിയയുടെ മോചനത്തിന് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തയ്ച്ചിരുന്നു. വധശിക്ഷ നീട്ടിവെയ്ക്കണമെന്നാവശ്യപ്പെട്ട് നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യെമൻ പ്രോസിക്യൂട്ടർക്ക് അപേക്ഷ നൽകി.വധശിക്ഷ നടപ്പാക്കാൻ മൂന്നുദിവസം മാത്രം ബാക്കി നിൽക്കെയാണ് നിമിഷ പ്രിയയുടെ അമ്മ അപേക്ഷ നൽകിയത്.




