യു പ്രതിഭയുടെ മകനെതിരായ കഞ്ചാവ് കേസ്; ‘കഞ്ചാവ് ഉപയോഗം കണ്ടില്ല’; കേസിലെ രണ്ട് സാക്ഷികൾ കൂറ് മാറി

യു പ്രതിഭ എംഎൽഎയുടെ മകനെതിരായ കഞ്ചാവ് കേസിൽ രണ്ട് സാക്ഷികൾ മൊഴിമാറ്റി. കഞ്ചാവ് ഉപയോഗം കണ്ടില്ല എന്നാണ് തകഴി സ്വദേശികൾ മൊഴി മാറ്റിയത്. യു പ്രതിഭയുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർക്ക് മുൻപിൽ മൊഴി മാറ്റിയത്. അന്വേഷണ റിപ്പോർട്ട് എക്സൈസ് കമ്മീഷണർക്ക് കൈമാറിയിരുന്നു. തകഴി സ്വദേശികളായ അജിത്തും കുഞ്ഞുമോനുമാണ് കേസിലെ പ്രധാന സാക്ഷികള്‍. എക്‌സൈസ് സംഘം കഞ്ചാവ് പിടിച്ചെടുത്തുവെന്ന് പ്രാദേശികമായി ഇവര്‍ രണ്ടു പേരില്‍ നിന്നാണ് സാക്ഷി മൊഴിയായി രേഖപ്പെടുത്തിയിരുന്നത്. എക്‌സൈസ് സംഘം എംഎല്‍എയുടെ മകനുള്‍പ്പെടെയുള്ളവരെ പിടികൂടുന്നതിനും ഇവര്‍ കഞ്ചാവ് ഉപയോഗിക്കുന്നത് കണ്ടു എന്നും പറഞ്ഞിരുന്ന സാക്ഷികള്‍ കൂടിയാണ് കൂറുമാറിയിരിക്കുന്നത്.
ഉദ്യോഗസ്ഥര്‍ പറഞ്ഞതനുസരിച്ച് എന്താണെന്നറിയാതെ അവര്‍ പറഞ്ഞ ഭാഗത്ത് ഒപ്പിട്ടു നല്‍കുകയായിരുന്നുവെന്നാണ് നിലവില്‍ സാക്ഷികളായ ഇവര്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പാകെ മൊഴിയായി പറഞ്ഞിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കഞ്ചാവ് ഉപയോഗത്തിന് തെളിവില്ല എന്ന റിപ്പോര്‍ട്ട് എത്തിയിരിക്കുന്നത്. യു പ്രതിഭയുടെ മകനുൾപ്പെട്ട കഞ്ചാവ് കേസിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചെന്ന് അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ എസ് അശോക് കുമാറിൻ്റെ റിപ്പോർട്ട്. കോടതിയിൽ കുറ്റപത്രം സമർപ്പിക്കുമ്പോൾ യു പ്രതിഭയുടെ മകൻ കനിവിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കും. കനിവ് കഞ്ചാവ് ഉപയോഗിച്ചതിന് തെളിവില്ലെന്നാണ് കണ്ടെത്തൽ. കേസിലെ 9 പ്രതികളിൽ കനിവിനെ മാത്രമാണ് ഒഴിവാക്കുക.




