സ്വർണ വില തകർച്ചയിൽ കാലിടറി മുത്തൂറ്റും മണപ്പുറവും; നിക്ഷേപകർക്ക് കോടികളുടെ നഷ്ടം

രാജ്യാന്തര വിപണിയിൽ സ്വർണ്ണവില കുത്തനെ ഇടിഞ്ഞതോടെ ആഭ്യന്തര ഓഹരി വിപണിയിൽ സ്വർണ്ണപ്പണയ കമ്പനികൾക്ക് കനത്ത തിരിച്ചടി. പ്രമുഖ കമ്പനികളായ മുത്തൂറ്റ് ഫിനാൻസ്, മണപ്പുറം ഫിനാൻസ് എന്നിവയുടെ ഓഹരികൾ അഞ്ച് ശതമാനത്തിലധികം ഇടിഞ്ഞു. സ്വർണ്ണവില ഇനിയും താഴേക്ക് പോകുമെന്ന ആശങ്ക നിക്ഷേപകരെ കൂട്ടത്തോടെ ഓഹരികൾ വിറ്റഴിക്കാൻ പ്രേരിപ്പിച്ചതാണ് വിപണിയിൽ പ്രതിഫലിച്ചത്.
സ്വർണത്തിനൊപ്പം ഓഹരി വില
വ്യാപാരം ആരംഭിച്ചത് മുതൽ സ്വർണ്ണപ്പണയ കമ്പനികളുടെ ഓഹരികളിൽ വിൽപന സമ്മർദ്ദം പ്രകടമായിരുന്നു. മുത്തൂറ്റ് ഫിനാൻസിന്റെ ഓഹരിവിലയിൽ 4.5 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തിയപ്പോൾ, മണപ്പുറം ഫിനാൻസ് ഓഹരികൾ 5 ശതമാനത്തോളമാണ് താഴേക്ക് പോയത്. കഴിഞ്ഞ ഏതാനും മാസങ്ങളായി സ്വർണ്ണവിലയിലുണ്ടായ വർധനവ് ഈ കമ്പനികൾക്ക് വലിയ നേട്ടം നൽകിയിരുന്നുവെങ്കിലും പെട്ടെന്നുണ്ടായ വിലക്കുറവ് വിപണിയെ ഞെട്ടിച്ചു
യു.എസ് ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കാൻ വൈകുമെന്ന സൂചനകളും ആഗോള വിപണിയിലെ മാറ്റങ്ങളുമാണ് സ്വർണ്ണവില കുറയാൻ കാരണമായത്. സ്വർണ്ണവില കുറയുമ്പോൾ പണയമായി സ്വീകരിച്ചിരിക്കുന്ന സ്വർണ്ണത്തിന്റെ മൂല്യം കുറയുന്നത് ഈ കമ്പനികളുടെ ലാഭക്ഷമതയെ ബാധിക്കുമെന്ന ഭീതിയാണ് വിപണിയിൽ ഓഹരിവില താഴാൻ കാരണമായത്.
കമ്പനികൾക്ക് വെല്ലുവിളി
സ്വർണ്ണവില ഇടിയുന്നത് തുടർന്നാൽ പണയം വെച്ചവർ തിരിച്ചടവ് മുടക്കാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സ്വർണ്ണത്തിന്റെ വിപണി വിലയേക്കാൾ കൂടുതൽ തുക വായ്പയായി നൽകിയിട്ടുണ്ടെങ്കിൽ അത് കമ്പനികൾക്ക് വലിയ ബാധ്യതയാകും. നിലവിലെ സാഹചര്യം സ്വർണ്ണപ്പണയ മേഖലയ്ക്ക് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.
ഓഹരി വിപണിയിലെ കേരള കമ്പനികളായ മുത്തൂറ്റിന്റ്റെയും, മണപ്പുറത്തിന്റെയും തകർച്ച ചെറുകിട നിക്ഷേപകരെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിൽ മണപ്പുറത്തിന്റെ ഓഹരി വില 17% ആണ് ഇടിഞ്ഞിരിക്കുന്നത്. മുത്തൂറ്റിന്റെ ഒരു മാസത്തിലെ വിലയിടിവ് 9 ശതമാനത്തിലധികമാണ്. വിപണിയിലെ അസ്ഥിരത തുടരുന്നതിനാൽ വരും ദിവസങ്ങളിലും ഈ ഓഹരികളിൽ ചാഞ്ചാട്ടം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിപണി നിരീക്ഷകരുടെ വിലയിരുത്തൽ.




