Uncategorized

ഗർഭകാലത്ത് വർക്ക് ഫ്രം ഹോം നൽകാതെ കമ്പനി; കുഞ്ഞിനെ നഷ്ടമായ അമ്മയ്ക്ക് 211.5 കോടി നഷ്ടപരിഹാരം നൽകാൻ വിധി

ഓഹായ്‌യോ: ഗുരുതരമായ ആരോഗ്യപ്രശ്‌നമുള്ള ഗര്‍ഭിണിയായ യുവതിക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കാതിനെ തുടർന്ന് നവജാത ശിശു മരിച്ച സംഭവത്തിൽ കമ്പനിക്ക് കോടികള്‍ പിഴയിട്ട് കോടതി. അമേരിക്കയിലെ ഓഹായ്‌യോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്കാണ് പിഴ. ഡോക്ടര്‍ വിശ്രമം നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് യുവതി വര്‍ക്ക് ഫ്രം ഹോം ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് ലഭിക്കാത്തതിനെ തുടര്‍ന്ന് മാസം തികയാതെ യുവതി പ്രസവിക്കുകയും തുടര്‍ന്ന് കുഞ്ഞ് മരിക്കുകയും ചെയ്തു.

ടോട്ടൽ ക്വാളിറ്റി ലോജിസ്റ്റിക്‌സ് എന്ന കമ്പനിയിലെ ജീവനക്കാരിയായ ചെല്‍സിയ വാല്‍ഷിന്റെ കുഞ്ഞാണ് മരിച്ചത്. 2021 ഫെബ്രുവരിയിലാണ് സംഭവം. ഗര്‍ഭിണിയായിരിക്കെ പരിശോധന നടത്തിയപ്പോഴാണ് ചില സങ്കീര്‍ണതകളുണ്ടെന്ന് മനസിലായത്. ഇതോടെ വിശ്രമം ആവശ്യമാണെന്നും ദേഹം അനങ്ങിയുള്ള പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നും ഡോക്ടര്‍ നിര്‍ദേശിച്ചു. പിന്നാലെ യുവതി കമ്പനിയില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി അപേക്ഷ നല്‍കിയെങ്കിലും കമ്പനി അത് തള്ളി.

2021 ഫെബ്രുവരി 15നാണ് യുവതിയോട് ഡോക്ടര്‍ ശാരീരികമായ പ്രവര്‍ത്തനങ്ങള്‍ അമിതമായി പാടില്ലെന്ന് നിര്‍ദേശിച്ചത്. പൂര്‍ണമായും ബെഡ് റെസ്റ്റും ഡോക്ടര്‍ പറഞ്ഞിരുന്നു. ഇതിന്റെ രേഖകള്‍ അടക്കം കോടതി പരിശോധിച്ചിട്ടുണ്ട്. എന്നാല്‍ യുവതിയുടെ അപേക്ഷ നിരസിച്ച കമ്പനി അവരോട് ഒന്നുകില്‍ ഓഫീസില്‍ വന്ന് ജോലി ചെയ്യണം അല്ലെങ്കില്‍ ശമ്പളമില്ലാതെ അവധിയില്‍ പ്രവേശിക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഇങ്ങനെ ചെയ്താല്‍ തന്റെ വരുമാനം മാര്‍ഗവും ഇന്‍ഷുറന്‍സ് പരിരക്ഷയും ഇല്ലാതെയാവുമെന്ന കാരണത്താല്‍ യുവതി ഓഫീസിലെത്തി ജോലിയില്‍ തുടര്‍ന്നു.

വര്‍ക്ക് ഫ്രം ഹോം ലഭിക്കാത്തതിനെ തുടര്‍ന്ന് ഫെബ്രുവരി 22ന് വാല്‍ഷ് ഓഫീസില്‍ തിരിച്ചെത്തി. മൂന്ന് ദിവസം തുടര്‍ച്ചയായി ജോലി ചെയ്തു. ഫെബ്രുവരി 24ന് വൈകിട്ട് വാല്‍ഷിനെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അന്ന് വൈകിട്ട് യുവതി ഒരു പെണ്‍കുഞ്ഞിന് ജന്മം നൽകിയെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ കുഞ്ഞ് മരിച്ചു. വാല്‍ഷിനെ പ്രസവത്തിനായി അഡ്മിറ്റ് ചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷം കമ്പനി വര്‍ക്ക് ഫ്രം ഹോമിന് അനുമതി നല്‍കിയെന്നും റിപ്പോര്‍ട്ടുണ്ട്.

മഗ്നോലിയ എന്ന് പേരിട്ട നവജാത ശിശുവിന് ഹൃദമിടിപ്പുണ്ടായിരുന്നു. ശ്വാസമെടുത്തിരുന്നു, അനക്കവുമുണ്ടായിരുന്നു. ഒന്നര മണിക്കൂറിന് ശേഷമാണ് കുഞ്ഞ് മരിച്ചത്. 18 ആഴ്ചകള്‍ മുന്നേയാണ് കുഞ്ഞ് ജനിച്ചതെന്നും പരാതിയില്‍ പറയുന്നു. ചെല്‍സിയ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഹാമില്‍ട്ടണ്‍ കൗണ്ടിയിലെ ജൂറി കമ്പനിക്ക് 25മില്യണ്‍ ഡോളറാണ് പിഴയായി വിധിച്ചത്. കമ്പനി വര്‍ക്ക് ഫ്രം ഹോം നിഷേധിച്ചത് തന്നെയാണ് നവജാത ശിശുവിന്റെ മരണത്തിന് ഇടയാക്കിയതെന്ന് ജൂറി വിധിയില്‍ ചൂണ്ടിക്കാട്ടി. നവജാത ശിശുവിന്റെ മരണത്തിലെ 90 ശതമാനം ഉത്തരവാദിത്വം കമ്പനി ഏറ്റെടുക്കുമെന്ന് തീരുമാനിച്ചതിന് പിന്നാലെയാണ് അവസാന വിധിന്യായത്തിൽ 22.5മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button