പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിലും യുഎസിൽ നിന്നുള്ള എൽപിജി ചരക്കുകപ്പൽ മംഗലാപുരത്തെത്തി

കർണാടക: പശ്ചിമേഷ്യൻ സംഘർഷം മൂലം രാജ്യത്ത് എൽപിജി ക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിൽ യുഎസിൽ നിന്നുള്ള എൽപിജി ചരക്ക് കപ്പൽ ഇന്ന് മംഗലാപുരം തുറമുഖത്തെത്തി. അമേരിക്കയിലെ ടെക്സാസിൽ നിന്നും പുറപ്പെട്ട പിക്സിസ് പയനിയർ എന്ന ചരക്ക് കപ്പലാണ് ഇന്ന് രാവിലെ ന്യൂ മംഗലാപുരം തുറമുഖത്തെത്തിയത്. 47236 ടൺ എൽപിജിയാണ് പിക്സിസ് പയനിയറിലുള്ളത്.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഇന്ത്യൻ പാചക വാതക പ്രതിസന്ധി രൂക്ഷമായി തുടരുകയായിരുന്നു. ഇന്ത്യയും ഇറാനുമായുള്ള നയതന്ത്ര ചർച്ചകളുടെ ഫലമായി ഇന്ത്യയ്ക്കായുള്ള എൽപിജി ടങ്കർ കപ്പലുകൾക്ക് ഹോർമൂസ് കടലിടുക്ക് കടക്കാൻ ഇറാൻ അനുമതി നൽകിയിരിന്നു. ഇതിൻ്റെ ഭാഗമായി മാർച്ച് 18ന് രണ്ട് എൽപിജി ചരക്കുകപ്പലുകളായ നന്ദാദേവിയും ശിവാലിക്കും 92,700 മെട്രിക് ടൺ എൽപിജിയുമായി ഇന്ത്യയിലെത്തിയിരുന്നു. അമേരിക്ക, ഇസ്രയേൽ, യൂറോപ്പ് കപ്പലുകൾക്ക് വിലക്ക് തുടരുമ്പോഴാണ് ഇന്ത്യൻ കപ്പലുകൾക്ക് പ്രത്യേകാനുമതി ലഭിച്ചത്. ഇന്ത്യയുടെ എണ്ണ കപ്പലുകൾ ആക്രമിക്കില്ലെന്നും ഇറാൻ ഉറപ്പ് നൽകിയിരുന്നു. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പ്രസാദും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിലായിരുന്നു ഇക്കാര്യങ്ങൾക്ക് ധാരണയായത്.
പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടയിലും ഇന്ത്യൻ എൽപിജി ടാങ്കർ കപ്പലുകൾക്ക് ഹോർമൂസ് കടലിടുക്ക് കടക്കാൻ അനുമതി ലഭിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.




