Uncategorized

പാങ്ങോട് സൈനിക ക്യാമ്പിലെ രണ്ട് കോടിയുടെ ആനക്കൊമ്പ് മോഷണം;പിന്നില്‍ ഉന്നത ഉദ്യോഗസ്ഥനും ഭാര്യയുമെന്ന് സൂചന

തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പ് മോഷണത്തിലെ അന്വേഷണം ഉന്നത ഉദ്യോഗസ്ഥനിലേക്ക് നീളുന്നു. ക്യാമ്പിലെ ഉദ്യോഗസ്ഥനും ഭാര്യയ്ക്കും എതിരെയുള്ള തെളിവുകള്‍ ലഭിച്ചെന്നാണ് പുറത്തുവരുന്ന സൂചന.

സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് നിര്‍ണായകമായ വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്. ആനക്കൊമ്പുകള്‍ ക്യാമ്പ് വിട്ടുപോയിട്ടില്ലെന്നാണ് പൊലീസിന്റെ നിഗമനം.
അതേസമയം സൈനിക ക്യാമ്പുമായി ബന്ധപ്പെട്ടതായതിനാല്‍ അന്വേഷണത്തില്‍ പല പ്രതിസന്ധികളും പൊലീസ് നേരിടുന്നുണ്ട്. ക്യാമ്പ് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് അനുമതികളാണ് വിലങ്ങുതടിയാകുന്നത്. ഇതുവരെയും പൊലീസിന് ക്യാമ്പിലെ കാട് പരിശോധിക്കാന്‍ കഴിഞ്ഞിട്ടില്ല.

ഫെബ്രുവരി 13നാണ് ആനക്കൊമ്പ് മോഷണവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവരുന്നത്. രണ്ട് കോടി രൂപയോളം വില വരുന്ന രണ്ട് ആനക്കൊമ്പുകളാണ് ക്യാമ്പില്‍ നിന്ന് മോഷണം പോയിരിക്കുന്നത്. 1929ല്‍ സര്‍ക്കാര്‍ സൈന്യത്തിന് കൈമാറിയതാണ് നഷ്ടമായ ആനക്കൊമ്പുകള്‍. ക്യാമ്പിലെ ഓഫീസേഴ്സ് ക്ലബില്‍ സൂക്ഷിച്ചിരുന്ന ഇവ മോഷ്ടിക്കപ്പെട്ടത് കനത്ത സുരക്ഷയുടെ നടുവില്‍ നിന്നാണ്.
ക്യാമ്പിലേക്ക് വന്ന പുറത്തുനിന്ന ആളുകളാണ് ആനക്കൊമ്പ് മോഷ്ടിച്ചത് എന്നായിരുന്നു ആദ്യ ഘട്ടത്തില്‍ കരുതിയിരുന്നത്. എന്നാല്‍ അന്വേഷണം പുരോഗമിക്കവേ ക്യാമ്പിലുള്ളവര്‍ തന്നെയാണ് മോഷണത്തിന് പിന്നിലെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button