Uncategorized

ബാഗ്‌ദാദിലെ യുഎസ് നയതന്ത്ര കേന്ദ്രത്തിൽ ഡ്രോൺ ഉപയോഗിച്ച് സ്ഫോടനം, പിന്നാലെ വൻ തീപിടിത്തം

ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലെ അതീവ സുരക്ഷാ മേഖലയിലുള്ള യുഎസ് നയതന്ത്ര കേന്ദ്രത്തിൽ വൻ തീപിടിത്തം. ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ ആക്രമണമാണ് നയതന്ത്ര സമുച്ചയത്തിനുള്ളിൽ തീപിടിക്കാൻ കാരണമെന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു. യുഎസ് സൈനിക ഉദ്യോഗസ്ഥർ താമസിക്കുന്ന ഭാഗത്താണ് സ്ഫോടനവും തീപിടിത്തവും ഉണ്ടായതെന്നാണ് വിവരം. നയതന്ത്ര കേന്ദ്രത്തിന്റെ പ്രതിരോധ സംവിധാനങ്ങളെ മറികടന്നാണ് ആക്രമണം നടന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പശ്ചിമേഷ്യ യുദ്ധത്തിൻ്റെ ഭാഗമായി വിവിധ ഗൾഫ് രാജ്യങ്ങളിലെ യുഎസ് നയതന്ത്ര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നിരവധി ആക്രമണങ്ങൾ ഇതിനോടകം നടന്നിരുന്നു. ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെത്തുടർന്ന് കുവൈറ്റിലെയും സൗദി അറേബ്യയിലെയും യുഎസ് എംബസികൾ പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്. ദുബായിലെ യുഎസ് കോൺസുലേറ്റിന് നേരെയും സമാനമായ രീതിയിൽ ആക്രമണം ഉണ്ടായിരുന്നു. മേഖലയിൽ യുഎസും ഇറാനും തമ്മിലുള്ള നേരിട്ടുള്ള സൈനിക നീക്കങ്ങൾ ശക്തമായതോടെ യുഎസ് ഉദ്യോഗസ്ഥരുടെ സുരക്ഷയെക്കുറിച്ച് വലിയ ആശങ്കയാണ് ഉയരുന്നത്. ഇറാഖിൽ ഏറ്റവും ഒടുവിൽ നടന്ന ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. ഇറാൻ അനുകൂല സായുധ സംഘടനകളാവാം ആക്രമണം നടത്തിയതെന്നാണ് സംശയം. ഒരു മാസത്തിനിടെ പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങളിലടക്കം ഇതുവരെ 13 യുഎസ് സൈനിക ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായാണ് വിവരം. സ്ഥിതിഗതികൾ വഷളാകുന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിലുള്ള തങ്ങളുടെ പൗരന്മാരോട് ജാഗ്രത പാലിക്കാൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button