Uncategorized

തൊണ്ടയിൽ കുടുങ്ങിയ 12 സെന്‍റീമീറ്റർ ലോഹ ചോപ്സ്റ്റിക്കുമായി ജീവിച്ചത് എട്ട് വർഷം; ഒടുവിൽ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

ഡോക്ടർമാരുടെ അനാസ്ഥ മൂലം ശസ്ത്രക്രിയാ ഉപകരണങ്ങളുമായി ജീവിക്കേണ്ടിവന്ന മനുഷ്യരുടെ നിരവധി അനുഭവങ്ങൾ നമ്മുക്ക് മുന്നിലുണ്ട്. എന്നാൽ, ചൈനയിൽ നിന്നും വ്യത്യസ്തമായൊരു റിപ്പോർട്ടാണ് പുറത്ത് വരുന്നത്. ഭക്ഷണം കഴിക്കുന്നതിനിടെ വിഴുങ്ങിയ ചോപ്സ്റ്റിക്ക്. അതും ലോഹത്തിന്‍റെ ചോപ്സ്റ്റിക്കുമായി യുവാവ് ജീവിച്ചത് എട്ട് വർഷത്തോളം. ഒടുവിൽ വടക്കുകിഴക്കൻ ലിയോണിംഗ് പ്രവിശ്യയിലെ ഡാലിയൻ മുനിസിപ്പൽ സെൻട്രൽ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയ്ക്കിടെ 12 സെന്‍റീമീറ്റർ നീളമുള്ള ആ ചോപ്സ്റ്റിക്ക് വിജയകരമായി പുറത്തെടുത്തെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

മദ്യപാനത്തിനിടെ വിഴുങ്ങിയ ചോപ്സ്റ്റിക്ക്

വാങ് എന്ന് വിളിപ്പേരുള്ളയാളാണ് തൊണ്ടയിൽ 12 സെന്‍റീമീറ്റർ നീളമുള്ള ലോഹ ചോപ്സ്റ്റിക്ക് എട്ട് വർഷത്തോളം ജീവിച്ചത്. ഭക്ഷണവും മദ്യവും ഇടകലർത്തി കഴിക്കുന്നതിനിടെയാണ് വാങ് ചോപ്സ്റ്റിക്ക് വിഴുങ്ങിയത്. ആദ്യമൊക്കെ തൊണ്ടയിൽ ചില അസ്വസ്ഥതകൾ തോന്നിച്ചു. എന്നാൽ അത് മദ്യപാനത്തിന്‍റെ പ്രശ്നമാകാമെന്ന് കരുതി അദ്ദേഹം അത്ര ശ്രദ്ധിച്ചില്ല. പക്ഷേ, പിന്നീട് അസ്വസ്ഥത തുടർന്നപ്പോൾ അദ്ദേഹം ഡോക്ടർമാരെ കണ്ടു. എക്സറേയിൽ ചോപ്സ്റ്റിക്കിന്‍റെ സാന്നിധ്യം വ്യക്തമായി. പിന്നാലെ ഡോക്ടർമാർ ശസ്ത്രക്രിയ വിധിച്ചു. എന്നാൽ തൊണ്ട കീറിയുള്ള ശസ്ത്രക്രിയയ്ക്ക് വോങ് തയ്യാറായില്ല. ചെറിയ അസ്വസ്ഥതകൾ ഉണ്ടായിരുന്നെങ്കിലും ശ്വാസം കഴിക്കാനോ ഭക്ഷണം കഴിക്കാനോ വലിയ ബുദ്ധിമുട്ടുകൾ തോന്നിയില്ല. അതിനാൽ തന്നെ വാങും പിന്നെ അത് കാര്യമാക്കിയില്ല. എന്നാൽ, കുറച്ച് നാളുകളായി രാവിലെ എഴുന്നേൽക്കുമ്പോൾ വേദന കൂടാൻ തുടങ്ങി.

ശസ്ത്രക്രിയാ ഭയം
ഭക്ഷണമോ കഴിക്കുന്നതും വെള്ളം കുടിക്കുന്നതും ബുദ്ധിമുട്ടായി മാറി. ഇതോടെയാണ് വീണ്ടും ഡോക്ടർമാരെ കാണാൻ വാങ് തയ്യാറായത്. മാർച്ച് ആദ്യം പരിശോധനയ്ക്കായി അദ്ദേഹം ഡാലിയൻ മുനിസിപ്പൽ സെൻട്രൽ ആശുപത്രി എത്തി. എട്ട് വർഷമായി ചോപ്സ്റ്റിക്ക് തൊണ്ടയിൽ കിടന്നിരുന്നുവെന്ന് വാങ് പറ‌ഞ്ഞപ്പോൾ ഡോക്ടർമാർ അത്ഭുതപ്പെട്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. പരിശോധനയിൽ തൊണ്ടയിലെ മൃദുവായ അണ്ണാക്കിൽ ലോഹ ചോപ്സ്റ്റിക്ക് കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തി. എന്നാൽ അത് അദ്ദേഹത്തിന്‍റെ വോക്കൽ കോഡുകളെയോ മറ്റ് അവയവങ്ങൾക്കോ ഒരു പരിക്കും ഏൽപ്പിച്ചിരുന്നില്ല.

ഒടുവിൽ ചോപ്സ്റ്റിക്ക് പുറത്തെടുത്തു

കഴുത്ത് കീറിയുള്ള ശസ്ത്രക്രിയയ്ക്ക് അപ്പോഴും വാങ് തയ്യാറായില്ല. ഇതോടെ വായിലൂടെ അതീവ ശ്രമകരമായ ശസ്ത്രക്രിയ ചെയ്യാൻ ഡോക്ടർമാർ തീരുമാനിച്ചു. ചെറിയ അളവിൽ രക്തസ്രാവം ഉണ്ടായെങ്കിലും ശസ്ത്രക്രിയ വിജയകരമായിരുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. 12 സെന്‍റീമീറ്റർ നീളമുള്ള ലോഹ ചോപ്സ്റ്റിക്ക് സുരക്ഷിതമായി നീക്കം ചെയ്തു, വാങ് സുഖം പ്രാപിച്ച് ആശുപത്രിവിട്ടെന്നും സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. വാങിന്‍റെ ശസ്ത്രക്രിയ ചൈനീസ് സമൂഹ മാധ്യമങ്ങളിൽ വൈറലായി. തൊണ്ടയിൽ ലോഹചോപ്സ്റ്റിക്കുമായി എട്ട് വർഷം ഒരാൾ ജീവിച്ചുവെന്നത് അവിശ്വസനീയമെന്നായിരുന്നു പലരും കുറിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button