മണ്ണുപരിശോധനയ്ക്കിടെ പൈപ്പ് മാറി തുളച്ചു; വാതകച്ചോർച്ച,നഷ്ടമാകുന്നത് 63,380 സിലിൻഡറിന് തുല്യം

പാലിയേക്കര(തൃശ്ശൂർ): പാചകവാതകക്ഷാമത്താൽ രാജ്യമാകെ ബുദ്ധിമുട്ടുന്നതിനിടെ മണലി-മടവാക്കര റോഡിനുസമീപം കൊച്ചി-സേലം പാചകവാതക പൈപ്പ് ലൈനിൽ വൻചോർച്ച. ഭാരത് പെട്രോളിയം കോർപ്പറേഷന്റെ (ബി.പി.സി.എൽ.) പെട്രോൾ പൈപ്പ് ലൈനിൽ പണിക്കെത്തിയ തൊഴിലാളികൾ എട്ടുമീറ്റർ അപ്പുറത്തുള്ള ഗ്യാസ് പൈപ്പ് ലൈനിൽ ഡ്രില്ല് ഉപയോഗിച്ച്. പൈപ്പിന്റെ 12 കിലോമീറ്റർ അകലത്തിലാണ് വാൽവുകൾ ഉള്ളത്. ആ രണ്ടുവാൽവും അടച്ചെങ്കിലും അതിനിടയിലെ വാതകം ചോർന്നുപോയിക്കൊണ്ടിരിക്കയാണ്. ഇത് മുഴുവൻ പുറത്തുകളഞ്ഞതിനുശേഷമേ ചോർച്ചയുണ്ടായ ഭാഗം അറ്റകുറ്റപ്പണി ചെയ്യാനാകൂ. വീടുകളിൽ ഉപയോഗിക്കുന്ന 14.2 കിലോയുടെ 63,380 സിലിൻഡറിലുള്ളതിനുതുല്യമായ വാതകമാണ് ഇവിടെ നഷ്ടമാവുക. 900 ടൺ വാതകം നഷ്ടപ്പെടുന്നു എന്ന അഗ്നിരക്ഷാസേനയുടെ കണക്കുപ്രകാരമാണിത്. എന്നാൽ, ഇക്കാര്യത്തിൽ പൈപ് ലൈൻ അധികൃതരുടെ ഔദ്യോഗികവിശദീകരണം വന്നിട്ടില്ല . പെട്രോൾ പൈപ്പ് ലൈൻ ഉദ്യോഗസ്ഥർ തെറ്റായി ലൊക്കേഷൻ അടയാളപ്പെടുത്തിയതാണ് പൈപ്പ് മാറി തുളയ്ക്കാൻ കാരണമെന്നും അറിയുന്നു . അഗ്നിരക്ഷാസേന വെള്ളം പമ്പുചെയ്താണ് വാതകം പരക്കുന്നത് നിയന്ത്രിച്ചത്. മേഖലയിലെ വീടുകളിലും സ്ഥാപനങ്ങളിലും പോലീസും അഗ്നിരക്ഷാസേനയും റവന്യൂ അധികൃതരും എത്തി മുൻകരുതൽ നിർദേശം നൽകി. തീ കത്തിക്കുന്നതും വൈദ്യുതി ഉപകരണങ്ങൾ ഉപയോഗിക്കുന്നതും നിയന്ത്രിച്ചു. മണലി-മടവാക്കര റോഡ് അടച്ച് ഗതാഗതം നിയന്ത്രിച്ചു. പാലക്കാട്ടുനിന്ന് സാങ്കേതിക വിദഗ്ധർ എത്തിയിട്ടുണ്ട്. 12 കിലോമീറ്റർ പൈപ്പിൽ വെള്ളം നിറച്ചശേഷമാണ് അറ്റകുറ്റപ്പണി നടത്തുക.




