ഇൻഷുറൻസ് തുകക്കായി ഭർത്താവിനെ കൊലപ്പെടുത്തി, പിന്നാലെ പുസ്തകമെഴുതി സഹതാപം പിടിച്ചുപറ്റി; ഒടുവിൽ യുവതി പിടിയിൽ

യൂട്ടാ: ഭർത്താവിനെ മാരകമായ മയക്കുമരുന്ന് നൽകി കൊലപ്പെടുത്തിയ ശേഷം, പ്രിയപ്പെട്ടവരുടെ വേർപാടിൻ്റെ ദുഃഖം എങ്ങനെ മറികടക്കാം എന്നതിനെക്കുറിച്ച് കുട്ടികൾക്കായി പുസ്‌തകമെഴുതിയ യുവതി കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. 35കാരിയായ കൗറി റിച്ചിൻസ് ആണ് ഭർത്താവ് എറിക് റിച്ചിൻസിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റക്കാരിയാണെന്ന് അമേരിക്കയിലെ യൂട്ടാ കോടതി വിധിച്ചത്.
2022 മാർച്ചിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. എറിക് റിച്ചിൻസിന് കുടിക്കാൻ നൽകിയ കോക്ടെയിലിൽ മാരകമായ അളവിൽ ഫെൻ്റനൈൽ കലർത്തിയാണ് കൗറി കൊലപാതകം നടത്തിയത്. മനുഷ്യൻ്റെ മരണത്തിന് കാരണമാകുന്നതിന്റെ അഞ്ചിരട്ടി ഫെന്റനൈൽ എറിക്കിൻ്റെ ശരീരത്തിൽ പോസ്റ്റ്മോർട്ടം പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതിന് മുമ്പ് വാലന്റൈൻസ് ദിനത്തിൽ സാൻഡ്‌വിച്ചിൽ വിഷം കലർത്തി നൽകി എറിക്കിനെ കൊലപ്പെടുത്താനും ഇവർ ശ്രമിച്ചിരുന്നതായി കോടതിയിൽ തെളിഞ്ഞു.
ഭർത്താവിന്റെ മരണത്തിന് ഒരു വർഷത്തിന് ശേഷം, പിതാവ് നഷ്‌ടപ്പെട്ട തന്റെ മൂന്ന് ആൺമക്കൾക്കും സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്ന മറ്റ് കുട്ടികൾക്കും ആശ്വാസം പകരുന്നതിനായി കൗറി റിച്ചിൻസ് ‘ആർ യു വിത്ത് മീ’ (Are You With Me?) എന്ന പേരിൽ ഒരു പുസ്‌തകം പ്രസിദ്ധീകരിച്ചു. ഈ പുസ്‌തകം ഏറെ ശ്രദ്ധ നേടുകയും, തൻ്റെ ദുഃഖങ്ങളെക്കുറിച്ച് സംസാരിക്കാൻ കൗറി പല ടെലിവിഷൻ അഭിമുഖങ്ങളിലും പങ്കെടുക്കുകയും ചെയ്തിരുന്നു. ഈ അഭിമുഖങ്ങൾക്ക് ശേഷമാണ് അന്വേഷണം കൗറിയിലേക്ക് തിരിയുന്നതും ഇവർ അറസ്റ്റിലാകുന്നതും.
സാമ്പത്തിക താൽപര്യങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തിയിരുന്ന കൗറിക്ക് 4.5 ദശലക്ഷം ഡോളറിന്റെ കടബാധ്യതകൾ ഉണ്ടായിരുന്നു. എറിക്കിന്റെ മരണശേഷം 4 ദശലക്ഷം ഡോളറിലധികം വരുന്ന സ്വത്തുക്കളും, ഭർത്താവ് അറിയാതെ എടുത്ത 2 ദശലക്ഷം ഡോളറിൻ്റെ ലൈഫ് ഇൻഷുറൻസ് തുകയും സ്വന്തമാക്കുക എന്നതായിരുന്നു ലക്ഷ്യം. കൂടാതെ മറ്റൊരു പുരുഷനൊപ്പം പുതിയ ജീവിതം തുടങ്ങാനും കൗറി പദ്ധതിയിട്ടിരുന്നു.
മൂന്ന് മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിലാണ് കോടതി കൗറിയെ കുറ്റക്കാരിയായി പ്രഖ്യാപിച്ചത്. കൊലപാതകം, കൊലപാതകശ്രമം, വ്യാജരേഖ ചമയ്ക്കൽ, ഇൻഷുറൻസ് തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങളെല്ലാം കോടതിയിൽ സംശയാതീതമായി തെളിയിക്കപ്പെട്ടു. മെയ് 13നാണ് ശിക്ഷാവിധി പ്രഖ്യാപിക്കുക. കൗറി റിച്ചിൻസിന് ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കാനാണ് സാധ്യതയെന്നാണ് നിയമവിദഗ്ദ്ധർ വിലയിരുത്തുന്നത്.




