Uncategorized

എൽപിജി സിലിണ്ടറിനായി വരിനിൽക്കവേ ഹൃദയാഘാതം; 70കാരൻ മരിച്ചു

ലക്‌നൗ: ഉത്തർപ്രദേശിൽ ഗ്യാസ് സിലിണ്ടർ വാങ്ങാൻ നിൽക്കുന്നതിനിടെ ഹൃദയാഘാതം വന്ന് ഒരാൾ മരിച്ചു. 70 വയസ് പ്രായമുള്ള മുഖ്തിയാർ അഹമ്മദ് എന്നയാളാണ് മരിച്ചത്. ഫാറൂഖാബാദ് ജില്ലയിലെ ഒരു ഗ്യാസ് ഏജൻസിക്ക് മുൻപിലായിരുന്നു സംഭവം.

ഗർഹി ഖാൻ ഖാന പ്രദേശത്ത് താമസിക്കുന്നയാളാണ് മരിച്ചത്. നീണ്ട നിരയായിരുന്നു ഗ്യാസ് സിലിണ്ടറിനായി ഉണ്ടായിരുന്നത്. ഇതിനിടെ മുഖ്തിയാർ അഹമ്മദിന് നെഞ്ചുവേദന അനുഭവപ്പെട്ടു. കൂടെ വരിനിന്നവർ സിപിആറും മറ്റും നൽകി രക്ഷപ്പെടുത്താൻ നോക്കുകയും അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്‌തെങ്കിലും ആൾ മരിക്കുകയായിരുന്നു.

ഗ്യാസ് സിലിണ്ടറിനായി രണ്ടാം ദിവസം വരിനിൽക്കുമ്പോഴാണ് മുഖ്തിയാർ അഹമ്മദിന് നെഞ്ചുവേദന അനുഭവപ്പെടുന്നത്. തലേദിവസം മുഖ്തിയാർ അഹമ്മദ് സിലിണ്ടറിനായി വരിനിന്നെങ്കിലും ലഭിച്ചില്ല. ഒരു സ്ലിപ് നൽകി അടുത്ത ദിവസം വരാനാണ് അധികൃതർ പറഞ്ഞത്. ഇതനുസരിച്ചാണ് മുഖ്തിയാർ അഹമ്മദ് സിലിണ്ടറിനായി വരിനിന്നത്.

ഒരുപാട് സമയം വരിനിന്നത് മൂലമാണ് മുഖ്തിയാർ അഹമ്മദിന് ഹൃദയാഘാതം സംഭവിച്ചത് എന്ന വാദത്തിനെതിരെ ഫാറൂഖാബാദ് ജില്ലാ സപ്പ്ളൈ ഓഫിസർ സുരേന്ദ്ര യാദവ് രംഗത്തുവന്നു. മുഖ്തിയാർ അഹമ്മദ് നേരത്തെ സിലിണ്ടർ ബുക്ക് ചെയ്തിരുന്നുവെന്നും അത് എടുക്കുക മാത്രമാണ് അദ്ദേഹത്തിന് വേണ്ടിയിരുന്നത് എന്നും സുരേന്ദ്ര യാദവ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button