കടമ്പ്രയാറിൽ പിടിമുറുക്കി ഭൂമാഫിയ, നികത്തിയത് അര ഏക്കറോളം പാടശേഖരം; പിന്നിൽ വൻകിട ബിസിനസ് ഗ്രൂപ്പുകളെന്ന് നാട്ടുകാർ

എറണാകുളം: കാക്കനാടുള്ള കടമ്പ്രയാറിന് തീരത്തുള്ള പാടശേഖരങ്ങൾ വൻതോതിൽ നികത്തുന്നതായി പരാതി. കടമ്പ്രയാർ ഇക്കോ ടൂറിസം കേന്ദ്രത്തിനു സമീപത്തായാണ് ഈ അനധികൃത നിലംനികത്തൽ. പാടം നികത്തുന്നതിന് പിന്നിൽ കൊച്ചിയിലെ വൻകിട ബിസിനസ് ഗ്രൂപ്പുകൾ ആണെന്നാണ് നാട്ടുകാരുടെ ആരോപണം.
ജില്ലയിലെ തന്നെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് കടമ്പ്രയാർ. നിറഞ്ഞൊഴുകുന്ന പുഴയും ഇരുവശങ്ങളിലുമായി പച്ചപ്പണിഞ്ഞു നിൽക്കുന്ന പാട ശേഖരങ്ങളുമാണ് ഇതിന്റെ ആകർഷണീയത. നഗരത്തിനോട് ചേർന്ന് കിടക്കുന്ന ഈ പ്രകൃതിരമണീയമായ സ്ഥലം കാണുന്നതിനാണ് നൂറുകണക്കിന് ആളുകൾ ദിവസേന ഇവിടേക്ക് എത്തുന്നത്. ഇവിടെയാണ് ഇപ്പോൾ ഭൂമാഫിയ പിടിമുറുക്കിയിരിക്കുകയാണ്.
പുഴയുടെ ആഴം കൂട്ടാനെന്ന പേരിലാണ് ഡ്രഡ്ജിങ് നടത്തുന്നത്. പുഴയിൽ നിന്ന് കോരുന്ന മണ്ണ് മുഴുവൻ നിക്ഷേപിക്കുന്നത് സ്വകാര്യ വ്യക്തികളുടെ പാടശേഖരങ്ങളിലേക്കാണ്. അര ഏക്കറോളം പാടശേഖരം ഇതിനോടകം തന്നെ നികത്തിക്കഴിഞ്ഞു. ബോട്ട് ജെട്ടിയും ഹോട്ടലും നിർമിക്കാൻ എന്ന പേരിലാണ് മണ്ണ് പാടത്ത് നിക്ഷേപിക്കുന്നത്.
പുഴയുടെ ആഴം അശാസ്ത്രീയമായി കൂട്ടുന്നതിലൂടെ പുഴയ്ക്ക് കുറുകെയുള്ള പാലം ഏത് സമയവും തകർന്ന് വീഴാം എന്ന അവസ്ഥയിലാണ്. ടൂറിസം വികസനത്തിന്റെ പേരില്‍ നടക്കുന്ന നിലംനികത്തലിനു എതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.




