ഭര്‍ത്താവ് മരിച്ച് ഇരുപതാം ദിവസം മറ്റൊരാളുമായി വിവാഹം, നാട്ടുകാരുടെ സംശയം ശരിയായി, ഭാര്യയോടൊപ്പം കാമുകനും കുടുങ്ങി

ബംഗളൂരു: തുമകുരു സ്വദേശിയായ പരമേഷിന്റെ മരണത്തിലാണ് ഒരു മാസത്തിന് ശേഷം ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്തുവന്നത്. ജനുവരി 29-ന് രാത്രിയാണ് പരമേഷ് മരിച്ചത്. ഹൃദയാഘാതമാണെന്ന ഭാര്യ ആശയുടെ (46) വാക്കുകൾ വിശ്വസിച്ച് ബന്ധുക്കൾ പിറ്റേദിവസം തന്നെ മൃതദേഹം സംസ്‌കരിച്ചിരുന്നു. പരമേഷ് മരിച്ച് കൃത്യം 20 ദിവസത്തിന് ശേഷം, ഫെബ്രുവരി 19-ന് ആശ തന്റെ കാമുകനായ ചന്ദ്രപ്പയെ (48) വിവാഹം കഴിച്ചു. ഇതോടെയാണ് പരമേഷിന്റെ സഹോദരിമാർക്കും നാട്ടൂകാര്‍ക്കും മരണത്തിൽ സംശയം തോന്നിയത്. മുൻപ് പരമേഷ് നേരിട്ടിരുന്ന പീഡനങ്ങളും ശരീരത്തിലെ പാടുകളും ചൂണ്ടിക്കാട്ടി ഇവർ പൊലീസിൽ പരാതി നൽകി.
തഹസിൽദാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പോലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തി. ശ്വാസം മുട്ടിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായി. ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളൊന്നും കണ്ടെത്താനായില്ല. പൊലീസ് ചോദ്യം ചെയ്തതോടെ ആശയും ചന്ദ്രപ്പയും കുറ്റം സമ്മതിച്ചു. മദ്യപിച്ചു ഉറങ്ങുകയായിരുന്ന പരമേഷിനെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നുവെന്ന് ഇവർ വെളിപ്പെടുത്തി. പ്രതികളായ ആശയെയും ചന്ദ്രപ്പയെയും പൊലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.




