ഒറ്റ തവണ മാത്രമേ സിവില്‍ സര്‍വീസ് എക്സാം എഴുതുകയുള്ളുവെന്ന് ഉറപ്പിച്ചിരുന്നു; വിൽപവർ ഉണ്ടെങ്കിൽ എന്തും നേടാം

കൊച്ചി: സിവില്‍ സര്‍വീസ് ഉദ്യോഗാര്‍ത്ഥികളില്‍ ആരും കൊതിക്കുന്നൊരു നേട്ടമാണ് തിരുവനന്തപുരം നരുവാമൂട് സ്വദേശിനിയായ ശ്രീജ ജെഎസ് സ്വന്തമാക്കിയത്. ഏത് ഒരു സാധാരണക്കാരനും പഠിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ അതിനുള്ള വില്‍പവര്‍ ഉണ്ടെങ്കിൽ സാധിക്കുന്ന ഒരു കാര്യം തന്നെയാണ് സിവില്‍ സര്‍വീസെന്ന് ശ്രീജ റിപ്പോർട്ടറിനോട് പറഞ്ഞു. കോഫി വിത്ത് അരുണിൽ അതിഥിയായിയാണ് ശ്രീജ എത്തിയത്.
ശ്രീജ ഐഎഫ്എസ് എന്ന് വീടിൻ്റെ ചുമരിൽ 2024 മെയ് മാസത്തിൽ തന്നെ എഴുതിയിരുന്നു. ഞാന്‍ ജീവത്തില്‍ ഒറ്റ തവണ മാത്രമേ സിവില്‍ സര്‍വീസ് എക്സാം എഴുതുകയുള്ളുവെന്ന് ഉറപ്പിച്ചിരുന്നുവെന്നും ശ്രീജ പറഞ്ഞു. പഠിത്തതിന്റെ കാര്യത്തില്‍ എന്ത് പറഞ്ഞാലും വീട്ടുകാര്‍ ഒപ്പമുണ്ടായിരുന്നു എന്ന് ശ്രീജ പറയുന്നു.ഹരിത വി കുമാർ ഐഎഎസ് സിവില്‍ സര്‍വീസ് പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയ സമയത്ത് ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുകയാണെന്നും അന്നാണ് ഞാൻ സിവില്‍ സര്‍വീസ് പരീക്ഷയെ കുറിച്ച് അറിയുന്നതെന്നും അന്ന് മുതൽ ഈ സ്വപ്നം എൻ്റെ മനസ്സിലൂണ്ടെന്നും ശ്രീജ പറഞ്ഞു. ഇന്ത്യയിലെ ഒരു വലിയ പരിക്ഷയാണിതെന്നും രാജ്യത്തെയും ആളുകളെയും സേവിക്കാൻ കിട്ടുന്ന അവസരമാണെന്നും മനസ്സിലാക്കിയതോടെ ലക്ഷ്യത്തിലേക്ക് എത്തുകയാണെന്നും ശ്രീജ പറഞ്ഞു. എനിക്ക് പണ്ട് മുതലെ കുറച്ച് വാശി ഉണ്ടെന്നും ലക്ഷ്യങ്ങൾ നേടിയെടുക്കാൻ അത് എന്നെ സഹായിച്ചിട്ടുണ്ടെന്നും ശ്രീജ പറഞ്ഞു.
മകൾ ഇത്തരമൊരു നേട്ടം കെെവരിക്കുമെന്ന വിശ്വാസം തനിക്ക് ഉണ്ടായിരുന്നുവെന്നും നല്ല വിശ്വാസം കൊടുത്താണ് വളർത്തിയതെന്നും ശ്രീജയുടെ പിതാവ് ജയകുമാർ പറഞ്ഞു. കഷ്ടപ്പെട്ട് നേടിയ വിജയമാണെന്നും പിതാവ് പറഞ്ഞു. അവളുടെ അധ്വാനത്തിന്റെ ഫലം ദൈവം കൊടുത്തു എന്നാണ് അമ്മ ഷീജ കുമാരി മകളുടെ നേട്ടത്തെ പറ്റി പറഞ്ഞത്. മകളുടെ ഇഷ്ടത്തിനാണ് എല്ലാം പഠിപ്പിച്ചതെന്നും പിതാവ് പറഞ്ഞു.
പൈസയില്ലെങ്കിലും ആവശ്യസമയത്ത് പണം എവിടുന്നെങ്കിലും വരും. കോളേജില്‍ മാസം ഫീസടയ്ക്കണം. ഈ സമയത്ത് എവിടെ നിന്നെങ്കിലും പൈസ വരും. ഭാര്യ കുടുംബശ്രീയിലുണ്ട്. അവിടെന്ന് പൈസ എടുക്കും. പിന്നെ കുടുംബക്കാര് പലതവണ സഹായിച്ചു. ഇങ്ങനെയൊക്കെയാണ് മകളെ പഠിപ്പിച്ചതെന്നും പിതാവ് പറഞ്ഞു. കൂലിപ്പണിക്കാരനായ ജയകുമാറിന്റെയും എം എ വരെ പഠിച്ചിട്ടും ജോലി കിട്ടാതെ പോയ ഷീജ കുമാരിയുടെയും മകളാണ് ശ്രീജ. ആദ്യ അവസരത്തിൽ തന്നെ സിവില്‍ സര്‍വീസ് ലഭിത്ത ശ്രീജയ്ക്ക് 57-ാം റാങ്കെന്ന നേട്ടവുമുണ്ട്.




