മന്ത്രി വീണാ ജോർജ്ജിനെതിരായ കെ എസ് യു ആക്രമണം: ‘കൂടുതൽ പരിശോധനകൾ ഉണ്ടാകും’; ഡിജിപി

മന്ത്രി വീണാ ജോർജ്ജിനെതിരായ കെ എസ് യു ആക്രമണത്തിൽ KSU പ്രവർത്തകർക്കെതിരായ കേസ് ആദ്യഘട്ടത്തിൽ പരാതി ഉയർന്നതിന്റെ അടിസ്ഥാനത്തിലാണെന്ന് ഡി ജി പി റവാഡ ചന്ദ്രശേഖർ. അന്വേഷണം നടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ പരിശോധനകൾ ഉണ്ടാകുമെന്നും തെളിവുകൾ ശേഖരിച്ച ശേഷമായിരിക്കും മറ്റ് നടപടികളിലേക്ക് കടക്കുകയെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, കെ എസ് യു ആക്രമണത്തിൽ പരുക്കേറ്റ മന്ത്രി വീണ ജോർജ്ജ് കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു. കണ്ണൂർ പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളജിൽ നിന്നും ഡിസ്ചാർജ്ജായ മന്ത്രിയുടെ ചികിത്സ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തുടരും. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്നാണ് ആശുപത്രി വിട്ടത്.വ്യാഴാഴ്ച രാത്രി ചേർന്ന മെഡിക്കൽ ബോർഡ് യോഗമാണ് മന്ത്രിയുടെ ആരോഗ്യ നില മെച്ചപ്പെട്ടതായി വിലയിരുത്തിയത്. അടിയന്തിര ശസ്ത്രക്രിയ ആവശ്യമില്ലാത്തതിനാലും രക്തസമ്മർദ്ദം സാധാരണ നിലയിലായതിനാലും ഐ സി യുവിൽ തുടരേണ്ടതില്ലെന്ന് മെഡിക്കൽ ബോർഡ് തീരുമാനിക്കുകയായിരുന്നു. കഴുത്തിനേറ്റ പരിക്കിന് ചികിത്സ തുടരണമെന്നും മെഡിക്കൽ ബോർഡ് നിർദ്ദേശിച്ചു.




