രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികൾ താരിഫ് നിരക്കുകൾ വീണ്ടും വർദ്ധിപ്പിച്ചേക്കും. റിലയൻസ് ജിയോ, ഭാരതി എയർടെൽ, വൊഡാഫോൺ ഐഡിയ കമ്പനികൾ സാമ്പത്തികവർഷത്തിന്റെ രണ്ടാം പകുതിയിൽ നിരക്കുകൾ വർദ്ധിപ്പിച്ചേക്കുമെന്ന് റേറ്റിങ്ങ് കമ്പനി ‘ക്രിസിൽ’ റിപ്പോർട്ടിൽ പറയുന്നു.
നെറ്റ്‌വർക്ക്, സ്‌പെക്‌ട്രം തുടങ്ങിയവ മെച്ചപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് നിരക്കുകൾ വർദ്ധിപ്പിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. അടിസ്ഥാനസൗകര്യങ്ങൾ ഉടൻ മെച്ചപ്പെടുത്തിയില്ലെങ്കിൽ സേവനങ്ങളെ അത് പ്രതികൂലമായി ബാധിക്കും. ഈ സാഹചര്യത്തിൽ നിരക്കുകൾ ഉയർത്താതെ മുന്നോട്ടുപോകാൻ സാധിക്കില്ലെന്നാണ് ടെലികോം കമ്പനികളുടെ നിലപാട്. നിരക്കുകൾ വർദ്ധിപ്പിക്കുന്നതിലൂടെ ടെലികോം കമ്പനികളുടെ വരുമാനത്തിൽ ഈ സാമ്പത്തികവർഷം 20–25 ശതമാനത്തിന്റെ വർദ്ധനവുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.
2021 സാമ്പത്തികവർഷവും ടെലികോം കമ്പനികൾ താരിഫ് നിരക്കുകൾ വർദ്ധിപ്പിച്ചിരുന്നു. അതിലൂടെ, ഒരു ഉപയോക്താവിൽ നിന്നുള്ള ശരാശരി വരുമാനം 149 രൂപയായി ഉയർന്നു. കഴിഞ്ഞവർഷം മൂന്ന് ടെലികോം കമ്പനികളുടെയും സജീവഉപയോക്താക്കളുടെ എണ്ണത്തിൽ മൂന്ന് ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. അതേസമയം, 2021 ആഗസ്റ്റ് – 2022 ഫെബ്രുവരി കാലയളവിൽ ജിയോയുടെ ഉപയോക്താക്കളുടെ എണ്ണത്തിൽ കാര്യമായ ഇടിവുണ്ടായിരുന്നു. നിരക്ക് ഉയർത്തിയാലും സേവനങ്ങൾ മെച്ചപ്പെടുത്തിയാൽ ഉപയോക്താക്കളുടെ സഹകരണമുണ്ടാകുമെന്ന പ്രതീക്ഷയാണുള്ളതെന്ന് ടെലികോം കമ്പനി വൃത്തങ്ങൾ പ്രതികരിച്ചു.