Uncategorized

വൈറ്റില റെയിൽവെ ട്രാക്കിലെ കൊലപാതകം;യുവതിയുടെ മരണകാരണം തലയ്‌ക്കേറ്റ പരിക്ക്,ശരീരത്തിൽ ബലപ്രയോഗത്തിന്‍റെ പാട്

കൊച്ചി: വൈറ്റിലയിൽ റെയിൽവെ പാളത്തിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തലക്കേറ്റ ഗുരുതരമായ പരിക്കാണ് യുവതിയുടെ മരണ കാരണമെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. തലയിൽ ആഴത്തിലുള്ള മുറിവാണുള്ളത്. മുഖത്ത് കല്ലുകൊണ്ട് അടിച്ചതിന്റെ പാടുകളുമുണ്ട്. യുവതിയുടെ ശരീരത്തിൽ ബലപ്രയോഗത്തിന്റെ പാടുകളും കണ്ടെത്തിയതായാണ് വിവരം.

ഇന്ന് പുലർച്ചെ മൂന്നു മണിയോടെയാണ് വൈറ്റില ഫ്ളൈഓവറിന് താഴെയുള്ള റെയിൽവെ ട്രാക്കിന് സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അമൃത എക്സ്പ്രസിന്റെ ലോക്കോപൈലറ്റിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. പിന്നാലെ ലോക്കോപൈലറ്റ് ആദ്യം റെയിൽവേയിലും തുടർന്ന് പൊലീസിലും വിവരമറിയിച്ചു. ആത്മഹത്യാ സൂചന ആദ്യം തന്നെ പൊലീസ് തള്ളികളഞ്ഞിരുന്നു. മൃതദേഹത്തിൽ മുറിവുകൾ കണ്ടെത്തിയത്തോടെ കൊലപാതകമെന്ന നിഗമനത്തിൽ പൊലീസ് എത്തുകയായിരുന്നു.

മൃതശരീരത്തിന്റെ തല ട്രാക്കിനോട് ചേർന്നും ശരീരഭാഗങ്ങൾ പുറത്തുമായുമാണ് കണ്ടെത്തിയത്. സ്ത്രീയുടെ മുഖത്തടക്കം പാടുകൾ ഉണ്ടെങ്കിലും ട്രെയിനിടിച്ച രീതിയിലുള്ള പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല. ഇതായിരുന്നു കൊലപാതകമാണെന്ന് പൊലീസ് സംശയിക്കാനുണ്ടായ കാരണം. ട്രെയിനുകൾ കടന്നുപോകാത്തതും ഉപയോഗിക്കാത്തതുമായ ട്രാക്കിനടുത്താണ് മൃതദേഹം കിടന്നിരുന്നത്.

സംഭവത്തിൽ പ്രതി ഷാജിയെ പൊലീസ് കാക്കനാട്‌ നിന്നും പിടികൂടിയിരുന്നു. മുൻ ഹൈക്കോടതി ജീവനക്കാരനായ പ്രതിയും യുവതിയും തമ്മിലുണ്ടായിരുന്ന ബന്ധത്തിലെ അസ്വാരസ്യങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയിലേക്ക് പൊലീസ് എത്തിച്ചേർന്നത്.

പ്രതിയും യുവതിയും ഉൾപ്പെട്ട സിസിടിവി ദൃശ്യങ്ങളാണ് അന്വേഷണത്തിൽ നിർണായകമായത്. പ്രതിയും യുവതിയും കാറിൽ വന്നിറങ്ങുന്നതും നടന്നു പോകുന്നതുമായ ദൃശ്യങ്ങളാണ് പൊലീസിന് ആദ്യം ലഭിച്ചത്. അല്പസമയത്തിന് ശേഷം പ്രതി കാറിൽ കയറിപ്പോകുമ്പോൾ ഷർട്ടിൽ രക്തക്കറയുണ്ടെന്ന് പൊലീസ് കണ്ടെത്തി. റെയിൽവേ ട്രാക്കിന് സമീപത്ത് വെച്ചാണ് കൊലപാതകം നടന്നത് എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. പ്രതിയുടെ കാർ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കോട്ടയം ചിങ്ങവനം സ്വദേശിനിയാണ് കൊല്ലപ്പെട്ടത് എന്നാണ് സംശയം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button