ങ്ങാട്: വടക്കന്‍ കേരളത്തെ ദേശീയ വൈദ്യുതി ശൃംഖലയുടെ ഭാഗമാക്കി വൈദ്യുതിക്ഷാമത്തിന് ശാശ്വത പരിഹാരം കാണുന്നതിനുള്ള പദ്ധതിയുടെ രണ്ടാം ഘട്ടമായി കാസര്‍ഗോഡ് ജില്ലയിലെ കരിന്തളത്തുനിന്ന് വയനാട്ടിലേക്കുള്ള 400 കെവി വൈദ്യുത ലൈനിന്റെ പ്രവൃത്തി ഉദ്ഘാടനം നാളെ കരിന്തളം തോളേനിയില്‍ വൈദ്യുതി മന്ത്രി കെ. കൃഷ്ണന് കുട്ടി നിര്‍വഹിക്കും. രാവിലെ 10.30 ന് തോളേനി അമ്മാറമ്മ ഹാളിലാണ് ചടങ്ങ്കരിന്തളത്തെ പുതിയ 400 കെവി സബ്സ്റ്റേഷനില്‍നിന്ന് മാനന്തവാടിക്കു സമീപം പയ്യമ്പള്ളിയിലേക്കാണ് 125 കിലോമീറ്റര്‍ നീളത്തില്‍ പുതിയ ലൈന്‍ സ്ഥാപിക്കുന്നത്. ഈ വഴിയില്‍ 380 ടവറുകളാണ് ആവശ്യമായി വരിക. കരിന്തളത്തുനിന്ന് ആരംഭിച്ച് ആലക്കോട്-ശ്രീകണ്ഠപുരം-ഇരിട്ടി-നെടുംപൊയില്‍ വഴിയാണ് പയ്യമ്പള്ളിയിലേക്ക് വൈദ്യുത ലൈന്‍ സ്ഥാപിക്കുക. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട് ജില്ലകളിലെ എട്ടു നിയോജക മണ്ഡലങ്ങളിലൂടെ ലൈന്‍ കടന്നുപോകും. 436 കോടി രൂപയാണ് പദ്ധതിച്ചെലവ്. കെഎസ്ഇബിയുടെ തനത് ഫണ്ടില്‍നിന്നാണ് ഇതിനായുള്ള തുക അനുവദിച്ചിരിക്കുന്നത്. 36 മാസത്തിനകം വൈദ്യുത ലൈനിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. എല്‍ ആന്‍ഡ് ടി കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡിനാണ് പദ്ധതിയുടെ നിര്‍വഹണ ചുമതല.
പദ്ധതിയുടെ ആദ്യഘട്ടമായി ഉഡുപ്പിയില്‍നിന്ന് കരിന്തളത്തേക്കുള്ള 400 കെവി വൈദ്യുത ലൈനിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. സ്റ്റെര്‍ലൈറ്റ് പവര്‍ ട്രാന്സ്മിഷന് ലിമിറ്റഡിനാണ് ഈ പദ്ധതിയുടെ നിര്‍വഹണ ചുമതല.
ഈ ലൈന്‍ പയ്യമ്പള്ളി വരെ എത്തുന്നതോടെ അവിടെവച്ച് മലപ്പുറം ജില്ലയിലെ അരീക്കോടുനിന്നും മൈസൂരിലേക്കുള്ള 400 കെവി ലൈനുമായി ബന്ധിപ്പിക്കാനാണ് പദ്ധതി. ഇതോടെ വടക്കന്‍ കേരളത്തിലെ എല്ലാ ജില്ലകളും ദേശീയ വൈദ്യുതി ശൃംഖലയുമായി ബന്ധിപ്പിച്ച് സുശക്തമായ വൈദ്യുതി നെറ്റ് വര്‍ക്കിന്റെ ഭാഗമാകും.മൂന്നുവര്‍ഷം മുമ്പ് കൊച്ചി-ഇടമണ്‍ 400 കെവി ലൈന്‍ പൂര്‍ത്തിയായതോടെ മലപ്പുറം വരെയുള്ള ജില്ലകളെല്ലാം പവര്‍ ഹൈവേയുടെ ഭാഗമായിരുന്നു.
അതേസമയം കൊച്ചി-ഇടമണ്‍ വൈദ്യുത ലൈന്‍ കടന്നുപോയ വഴിയിലെ കര്‍ഷകര്‍ക്കും ഭൂവുടമകള്‍ക്കും നല്കിയ നഷ്ടപരിഹാര പാക്കേജ് കാസര്‍ഗോഡ് ജില്ലയില്‍ ഉഡുപ്പി-കരിന്തളം വൈദ്യുത ലൈന്‍ കടന്നുപോകുന്ന വഴിയിലുള്ളവര്‍ക്ക് നല്‍കാത്തത് വിവാദമായിരുന്നു.
കൊച്ചി-ഇടമണ്‍ ലൈനിന്റെ വഴിയില്‍ മുറിച്ചുമാറ്റുന്ന മരങ്ങള്‍ക്കും കാര്‍ഷികവിളകള്‍ക്കും വീടുകള്‍ക്കും ടവറുകള്‍ സ്ഥാപിച്ച സ്ഥലങ്ങള്‍ക്കുമെല്ലാം വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തില്‍ നഷ്ടപരിഹാരം നിശ്ചയിച്ചിരുന്നു. ഇതേ പരിഗണന തങ്ങള്‍ക്കും ലഭിക്കണമെന്നാവശ്യപ്പെട്ട് കാസര്‍ഗോഡ് ജില്ലയില്‍ വൈദ്യുതലൈന്‍ കടന്നുപോകുന്ന പ്രദേശങ്ങളിലുള്ളവര്‍ കര്‍ഷകരക്ഷാസമിതി രൂപീകരിച്ച് പ്രക്ഷോഭരംഗത്താണ്. മാനന്തവാടി വരെ നീട്ടുന്നതിനുള്ള പ്രവൃത്തി ആരംഭിക്കുന്നതോടെ ഈ പ്രതിഷേധം വരുംദിവസങ്ങളില്‍ കണ്ണൂര്‍, വയനാട് ജില്ലകളിലും ഉയരാനിടയുണ്ട്.