Uncategorized

അവയവ ദൗത്യത്തിന് റോഡ് മാർഗം സ്വീകരിച്ചത് രാത്രിയിൽ സിവിൽ ഏവിയേഷൻ ഹെലികോപ്റ്റർ ഉപയോഗിക്കാൻ അനുമതിയില്ലാത്തതിനാൽ

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി മാറിയ ആലിൻ ഷെറിന്റെ അവയവങ്ങൾ റോഡ് മാർഗം കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിക്കാൻ കാരണം രാത്രിയിൽ സിവിൽ ഏവിയേഷൻ ഹെലികോപ്റ്റർ ഉപയോഗിക്കാൻ അനുവാദമില്ലാത്തതിനാലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആലിൻ ഷെറിന് ആദരമർപ്പിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് കുറിപ്പിലായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
ഇന്നലെ വൈകിട്ട് 7.15ന് കൊച്ചി അമൃത ആശുപത്രിയിൽ നിന്നും 227 കിലോ മീറ്റർ താണ്ടി രാത്രി 10.30 നാണ് തിരുവനന്തപുരത്ത് ആംബുലൻസ് മാർഗം അവയവങ്ങൾ എത്തിച്ചത്. ഇതിന് പിന്നാലെ എന്തുകൊണ്ട് ഹെലികോപ്റ്റർ മാർഗം ഉപയോഗിച്ചില്ല എന്ന ചോദ്യങ്ങൾ സമൂഹമാധ്യമത്തിലടക്കം വ്യാപകമായി ഉയർന്നിരുന്നു. ‘ഹെലികോപ്റ്റർ മുഖേന അവയവങ്ങൾ കൊച്ചിയിൽ നിന്നും തിരുവനന്തപുരത്ത് എത്തിക്കാനാണ് ആദ്യം ആലോചിച്ചതെങ്കിലും രാത്രിയിൽ സിവിൽ ഏവിയേഷൻ ഹെലികോപ്റ്റർ ഉപയോഗിക്കാൻ അനുവാദമില്ലാത്തതിനാൽ റോഡ് മാർഗം കൊണ്ട് വരാൻ തിരുമാനിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി കുറിപ്പിൽ പറഞ്ഞു. അതേറ്റവും വേഗത്തിൽ എത്തിക്കാൻ ആവശ്യമായ തയ്യാറെടുപ്പുകൾ എടുത്ത് യാത്ര സുഗമമാക്കിയ പൊലീസിനേയും അതിനോട് സഹകരിച്ച ജനങ്ങളേയും അഭിനന്ദിക്കുന്നു’വെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം കുഞ്ഞ് ആലിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ‘ആലിന് നമ്മുടെ നാട് ഔദ്യോഗിക ബഹുമതികൾ നൽകി യാത്രയാക്കും’ എന്നാണ് ഇത് സംബന്ധിച്ച് മുഖ്യമന്ത്രി കുറിച്ചത്. ഈ മഹത്തായ ഉദ്യമം വിജയകരമാക്കാൻ യത്‌നിച്ച ആരോഗ്യപ്രവർത്തകർ, പൊലീസ്, ആംബുലൻസ് ഡ്രൈവർ എന്നിവരെ ഹാർദ്ദമായി അഭിനന്ദിക്കുന്നുവെന്നുംഇക്കാര്യത്തിൽ സർക്കാർ-സ്വകാര്യ മേഖലകൾ തമ്മിലുണ്ടായ സഹകരണം എടുത്തു പറയേണ്ട കാര്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അവയവദാന രംഗത്ത് കേരളസമൂഹത്തിന് മുന്നിലായി വലിയൊരു മാതൃക സൃഷ്ടിച്ചിരിക്കുകയാണ് ആലിൻ ഷെറിന്റെ മാതാപിതാക്കളെന്നും അവരുടെയും ഈ നാടിന്റേയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി കുറിച്ചു
മുഖ്യമന്ത്രിയുടെ പോസ്റ്റിൻ്റെ പൂർണരൂപം

കോട്ടയത്തുണ്ടായ വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം എന്ന കുരുന്നിന്റെ വിയോഗം ഏറെ വേദനയുളവാക്കുന്നതാണ്. എത്രയും പ്രിയപ്പെട്ട കുഞ്ഞ് വേർപിരിഞ്ഞതിന്റെ തീരാനോവിനിടയിലും അവളുടെ അവയവങ്ങൾ ദാനം ചെയ്യാനായി മുന്നോട്ടുവന്ന ആലിന്റെ മാതാപിതാക്കളുടെ തീരുമാനം മഹത്തരമാണ്. കരൾ, രണ്ട് വൃക്ക, ഹൃദയവാൽവ്, രണ്ട് നേത്ര പടലങ്ങൾ എന്നിവ ദാനം ചെയ്യാൻ അച്ഛൻ അരുൺ എബ്രഹാമും അമ്മ ഷെറിൻ ആൻ ജോണും തയ്യാറായതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിൻ ഷെറിൻ മാറി. ഇതുവഴി 5 പേർക്കാണ് പുതുജീവൻ ലഭിച്ചിരിക്കുന്നത്.
ഹെലികോപ്റ്റർ മുഖേന അവയവങ്ങൾ കൊച്ചിയിൽ നിന്നും തിരുവനന്തപുരത്ത് എത്തിക്കാനാണ് ആദ്യം ആലോചിച്ചതെങ്കിലും രാത്രിയിൽ സിവിൽ ഏവിയേഷൻ ഹെലികോപ്റ്റർ ഉപയോഗിക്കാൻ അനുവാദമില്ലാത്തതിനാൽ റോഡ് മാർഗം കൊണ്ട് വരാൻ തിരുമാനിച്ചു. അതേറ്റവും വേഗത്തിൽ എത്തിക്കാൻ ആവശ്യമായ തയ്യാറെടുപ്പുകൾ എടുത്ത് യാത്ര സുഗമമാക്കിയ പോലീസിനേയും അതിനോട് സഹകരിച്ച ജനങ്ങളേയും അഭിനന്ദിക്കുന്നു.
ഇന്നലെ തന്നെ കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകേണ്ടതുള്ളത് കൊണ്ട് പോസ്റ്റ്മോർട്ടം നടപടികൾ രാത്രി തന്നെ കോട്ടയം മെഡിക്കൽ കോളേജിൽ നടത്താനുള്ള പ്രത്യേക സജ്ജീകരണങ്ങളും ഒരുക്കി. ആലിനിൽ നിന്നും സ്വീകരിച്ച അവയവങ്ങൾ നിലവിൽ 2 കുഞ്ഞുങ്ങൾക്ക് നൽകാൻ സാധിച്ചു. അവരുടെ ആരോഗ്യനില മെച്ചപ്പെട്ടു വരുന്നു എന്ന വിവരമാണ് ആശുപത്രി അധികൃതരിൽ നിന്നും അറിയാൻ കഴിഞ്ഞത്.
ഈ മഹത്തായ ഉദ്യമം വിജയകരമാക്കാൻ യത്നിച്ച ആരോഗ്യപ്രവർത്തകർ, പോലീസ് , ആംബുലൻസ് ഡ്രൈവർ എന്നിവരെ ഹാർദ്ദമായി അഭിനന്ദിക്കുന്നു. ഇക്കാര്യത്തിൽ സർക്കാർ – സ്വകാര്യ മേഖലകൾ തമ്മിലുണ്ടായ സഹകരണം എടുത്തു പറയേണ്ട കാര്യമാണ്. അവയവദാന രംഗത്ത് കേരളസമൂഹത്തിന് മുന്നിലായി വലിയൊരു മാതൃക സൃഷ്ടിച്ചിരിക്കുകയാണ് ആലിൻ ഷെറിന്റെ മാതാപിതാക്കൾ. അവരുടെയും ഈ നാടിൻ്റേയും ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ. ആലിന് നമ്മുടെ നാട് ഔദ്യോഗിക ബഹുമതികൾ നൽകി യാത്രയാക്കും.
പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ അരുൺ എബ്രഹാം-ഷെറിൻ ആൻ ജോൺ ദമ്പതികളുടെ മകളായ ആലിൻ ഷെറിന് റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മസ്തിഷ്‌ക മരണം സംഭവിച്ചത്. തുടർന്ന് അവയവദാനത്തിന് മാതാപിതാക്കൾ തയ്യാറാകുകയായിരുന്നു. ആലിന്റെ കരൾ, വൃക്ക, നേത്രപടലങ്ങൾ, ഹൃദയവാൽവ് എന്നിവയാണ് ദാനം ചെയ്തത്.
ആലിൻ ഷെറിൻ്റെ അവയവം സ്വീകരിച്ച രണ്ട് കുഞ്ഞുങ്ങളുടെ ശസ്ത്രക്രിയ പൂർത്തിയായി. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നടന്ന കരൾ മാറ്റ ശസ്ത്രക്രിയയിൽ ആലിൻറെ കരൾ ആറു മാസം പ്രായമുള്ള കുഞ്ഞിന് മാറ്റിവച്ചു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ സ്വീകർത്താവാണ് ഈ കുഞ്ഞ്. കുഞ്ഞിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് വ്യക്തമായ വിവരമില്ല. എസ്ഐടിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പത്തുവയസുകാരനാണ് ആലിന്റെ വൃക്കകൾ നൽകിയത്. മെഡിക്കൽ കോളേജിൽ നടന്ന ശസ്ത്രക്രിയ ഇന്ന് രാവിലെയോട് കൂടിയാണ് പൂർത്തിയായത്. വാൽവ് എസ്ഐടിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൃത്യമായ സ്വീകർത്താവിനെ ലഭിച്ചാൽ അവ നൽകുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ആലിൻ ചികിത്സയിലിരുന്ന അമൃത ആശുപത്രിയിൽ തന്നെയാണ് നേത്രപടലം സൂക്ഷിക്കുന്നത്. ഇത് രണ്ട് പേർക്കായി നൽകാനാണ് തീരുമാനം. അഞ്ച് പേർക്ക് ജീവൻ പകർന്ന് നൽകിയാണ് കുഞ്ഞിന്റെ മടക്കം.
ആലിന്റെ സംസ്‌കാരം മല്ലപ്പള്ളി നെടുങ്ങാടപ്പള്ളി സിഎസ്ഐ ചർച്ചിൽ നാളെ വൈകിട്ട് മൂന്ന് മണിയോടെയാകും നടക്കും. മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ വീട്ടിലേക്ക് കൊണ്ടുപോകും. കുഞ്ഞിന്റെ പോസ്റ്റ്‌മോര്‍ട്ടം അർധരാത്രിയിൽ കോട്ടയം മെഡിക്കൽ കോളേജിൽ പൂർത്തിയായിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button