കണ്ണൂർ: രാഷ്ട്രീയ ക്രിമിനൽക്കേസുകളിൽ ഉൾപ്പെട്ട കൂടുതൽ പേർക്കെതിരേ കാപ്പ ചുമത്താൻ കണ്ണൂരിൽ നീക്കം. സ്ഥിരം രാഷ്ട്രീയ ക്രിമിനലുകളായവരെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറണമെന്ന് ജില്ലയിലെ പോലീസ് സ്റ്റേഷനുകളിലെ എസ്എച്ച്ഒമാർക്ക് സിറ്റി പോലീസ് കമ്മീഷണറും കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവിയും നിർദേശം നൽകി. കഴിഞ്ഞ അഞ്ചുവർഷമായി സിപിഎമ്മുകാരായ പ്രതികൾക്കെതിരേ കാപ്പ ചുമത്തിയിട്ടില്ലെന്നു മറ്റു രാഷ്ട്രീയ പാർട്ടികൾ ആരോപിച്ചിരുന്നു. അതേ സമയം പ്രവർത്തകരിൽ ചിലരുടെ പേരിൽ കാപ്പ ചുമത്തിയ നടപടിക്കെതിരേ എസ്ഡിപിഐ അടക്കമുള്ള സംഘടനകൾ കോടതിയെ സമീപിക്കാനൊരുങ്ങുന്നുണ്ട്.
നേരത്തെ സ്വർണക്കടത്ത് കേസിലെ പ്രതിയും സിപിഎം നേതാക്കളുമായി അടുത്ത ബന്ധം പുലർത്തിപ്പോന്നുവന്നതുമായ അർജുൻ ആയങ്കി ഉൾപ്പെടെയുള്ളവർക്കെതിരേ ഡിവൈഎഫ്ഐയും സിപിഎമ്മും പരസ്യമായി രംഗത്തു വരികയും ചെയ്തിരുന്നു. ഇതോടെ കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിക്കെതിരേ കാപ്പ ചുമത്താൻ കണ്ണൂർ സിറ്റി പോലീസ് ശിപാർശ ചെയ്തിരുന്നു.