കേരളത്തെ ഒഴിവാക്കണം, ധനമന്ത്രി നിർമല സീതാരാമന് കത്തയച്ച് രാജീവ് ചന്ദ്രശേഖർ; നെല്ല് സംഭരണ ബോണസ് നിർത്തലാക്കരുതെന്ന് ആവശ്യം

തിരുവനന്തപുരം: നെല്ലിനും ഗോതമ്പിനും നൽകി വരുന്ന മിനിമം സപ്പോർട്ട് പ്രൈസ് (എംഎസ്പി) ബോണസ് നിർത്തലാക്കണമെന്ന കേന്ദ്ര നിർദ്ദേശത്തിൽ നിന്ന് കേരളത്തെ ഒഴിവാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് കത്തയച്ചു. അധിക സ്റ്റോക്കും സാമ്പത്തിക ബാധ്യതയും ചൂണ്ടിക്കാട്ടി ബോണസ് നിർത്തലാക്കുന്നത് പരിഗണിക്കണമെന്ന് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളോട് കേന്ദ്ര ധനകാര്യ എക്സ്പെന്റീച്ചര് സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ ഇടപെടൽ
കേരളത്തിലെ സവിശേഷമായ കാർഷിക സാഹചര്യം കണക്കിലെടുക്കാതെ, ഉൽപാദനം കൂടുതലുള്ള മറ്റ് സംസ്ഥാനങ്ങൾക്കൊപ്പം കേരളത്തെ ഉൾപ്പെടുത്തുന്നത് ശരിയല്ലെന്ന് രാജീവ് ചന്ദ്രശേഖർ കത്തിൽ ചൂണ്ടിക്കാട്ടി. കേരളത്തിൽ നെൽകൃഷിയും ഉൽപാദനവും വർഷങ്ങളായി കുറഞ്ഞുവരികയാണ്. കേന്ദ്രത്തിന്റെ കരുതൽ ശേഖരത്തിലേക്ക് അധികം വിഹിതം നൽകുന്ന ഒരു സംസ്ഥാനമല്ല കേരളമെന്നും അദ്ദേഹം വാദിച്ചു. ഉൽപാദനച്ചെലവ്, സംഭരണ സംവിധാനങ്ങളിലെ പോരായ്മകൾ എന്നിവ കാരണം കേരളത്തിലെ കർഷകർ വർഷങ്ങളായി അവഗണന നേരിടുകയാണ്. സംസ്ഥാന സർക്കാർ കൃത്യസമയത്ത് സാമ്പത്തിക സഹായം നൽകാത്തതിനാൽ പലരും സ്വകാര്യ പണമിടപാടുകാരെ ആശ്രയിക്കേണ്ടി വരുന്നതായും ഇത് കർഷകരെ കടക്കെണിയിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളെപ്പോലെ എംഎസ്പിക്ക് പുറമെ പ്രത്യേക ബോണസുകളൊന്നും കേരളം പ്രഖ്യാപിച്ചിട്ടില്ലെന്നും ചെറുകിട കർഷകരും പരിസ്ഥിതി സാഹചര്യങ്ങളും മുൻനിർത്തിയുള്ള പ്രത്യേക രീതിയിലാണ് കേരളത്തിലെ സംഭരണമെന്നും അദ്ദേഹം വിശദീകരിച്ചു. അധിക ഉൽപാദനം, ഭൂഗർഭജല ചൂഷണം തുടങ്ങിയ കേന്ദ്രത്തിന്റെ ആശങ്കകൾ കേരളത്തിന് സാങ്കേതികമായി ബാധകമല്ല. അതിനാൽ കേരളത്തിന്റെ സാഹചര്യം പ്രത്യേകമായി പരിഗണിക്കണമെന്നും ബോണസ് നിർത്തലാക്കാനുള്ള നിർദ്ദേശത്തിൽ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കണമെന്നും അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടു.




