മേഘാലയയിൽ നിന്ന് പാർസൽ; പരിശോധിച്ചപ്പോൾ കഞ്ചാവ്; സഹോദരങ്ങൾ അറസ്റ്റിൽ

പാലക്കാട് കൊല്ലങ്കോട് പോസ്‌റ്റ് ഓഫീസിൽ പാർസലായി വന്ന 7.30 കിലോ ഗ്രാം കഞ്ചാവുമായി സഹോദരങ്ങൾ അറസ്‌റ്റിൽ. കൊല്ലങ്കോട് സ്വദേശികളായ സഞ്ജയ്, രാഹുൽ എന്നിവരാണ് പിടിയിലായത്. എക്സൈസിന്റെ നിരീക്ഷണത്തിലുള്ള മൊത്തവിതരണക്കാരന് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചത്.
സഞ്ജയയുടെ പേരിൽ മേഘാലയിൽ നിന്നാണ് പാർസലായി കഞ്ചാവ് എത്തിയത്. പാർസൽ വാങ്ങാനെത്തിയപ്പോൾ തിരിച്ചറിയൽ രേഖകൾ ആവശ്യപ്പെട്ടതോടെ സഹോദരങ്ങളായ സഞ്ജയയും രാഹുലും മടങ്ങി. പാർസൽ കണ്ട് സംശയം തോന്നിയ പോസ്‌റ്റ് ഓഫീസ് ജീവനക്കാർ എക്സൈസിനെ അറിയിക്കുകയായിരുന്നു.
എക്സൈസ് ഉദ്യോഗസ്‌ഥരെത്തി പരിശോധിച്ചതോടെ പെട്ടിയിലുള്ളത് കഞ്ചാവ് ആണെന്ന് ഉറപ്പിച്ചു. ഉച്ചയോടെ തിരിച്ചറിയിൽ രേഖകളുമായി സഹോദരങ്ങൾ വീണ്ടും എത്തിയതോടെ എക്സൈസ് സംഘം പിടികൂടുകയായിരുന്നു.
ഏഴ് പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചത്. മൊത്തവിതരണക്കാരന് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്നാണ് യുവാക്കളുടെ മൊഴി. ലഹരിക്കടിമയായ സഞ്ജയ് ബിരുദ പഠനത്തിന് ശേഷമാണ് ലഹരിക്കടത്തിലേക്ക് എത്തിയത്. പിടികൂടിയ കഞ്ചാവിന് വിപണിയിൽ ഒന്നരലക്ഷം രൂപ വിലവരും. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.




