Uncategorized

എസ്എസ്എൽസി പരീക്ഷ മാർച്ച് അഞ്ചിന് ആരംഭിക്കും; ഫല പ്രഖ്യാപനം മെയ് എട്ടിന്

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ മാർച്ച് അഞ്ചിന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. മാർച്ച് മുപ്പതിനായിരിക്കും അവസാനിക്കുക. ഫല പ്രഖ്യാപനം മെയ് എട്ടിന് നടക്കും. എസ്എസ്എൽസി ഐ ടി പരീക്ഷ ഈ മാസം 02 മുതൽ 13 വരെ നടക്കുമെന്നും മന്ത്രി പറഞ്ഞു. പരീക്ഷാ സമ്മർദ്ദത്തിൽ നിന്ന് വിദ്യാർത്ഥികളെ ഒഴിവാക്കുകയാണ് സർക്കാരിൻ്റെ പ്രഖ്യാപിത ലക്ഷ്യമെന്നും ശിവൻകുട്ടി വ്യക്തമാക്കി.

അതേസമയം വിദ്യാർത്ഥികളുടെ സിലബസ് ലഘൂകരിക്കുന്ന കാര്യത്തിൽ പഠിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. 10 വർഷം ഒരു പുസ്തകം പഠിപ്പിക്കുന്നത് ശരിയല്ലെന്നും മാറ്റം ആവശ്യമാണെന്നും സിലബസ് ലഘൂകരിക്കുമെന്നും ശിവൻകുട്ടി അറിയിച്ചു.
ഗുണനിലവാരത്തിലാണ് സർക്കാർ വിശ്വസിക്കുന്നത്. കണ്ടെൻ്റ് കൂടുന്നതിലല്ല കാര്യം.
ആഴത്തിലുള്ള പഠനമാണ് ആവശ്യം. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമായിരിക്കും മാറ്റം വരുത്തുക. കരിക്കുലം കമ്മിറ്റി യോഗം ചേർന്ന് വിഷയം ചർച്ച ചെയ്യും. സിലബസ് വെട്ടി കുറയ്ക്കൽ പഠന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മാത്രമാണ്. ആവർത്തനം ഒഴിവാക്കുക മാത്രമാണ് ലക്ഷ്യം.
ഓരോ പ്രായത്തിലും പഠിക്കേണ്ടത് മാത്രമാണ് ഉൾപ്പെടുത്തേണ്ടതെന്നും ശിവൻകുട്ടി പറഞ്ഞു.

എയ്ഡഡ്‌ അധ്യാപകരുടെ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് സർക്കാരിന് വ്യക്തമായ ബോധ്യമുണ്ടെന്നും പരിഹാരമുണ്ടാക്കുമെന്നും മന്ത്രി വ്യക്തമാക്കി. സർക്കാർ സർവീസുകളിൽ ഭിന്നശേഷി സംവരണം നടപ്പിലാക്കി വരുന്നുണ്ടെങ്കിലും എയ്ഡഡ് സ്കൂളുകളിൽ ഇത് കൃത്യമായി പാലിക്കപ്പെട്ടിരുന്നില്ല. കോടതി വിധിന്യായങ്ങളുടെയും സർക്കാർ മാർഗനിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിൽ പരിഹാരമുണ്ടാക്കുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button