Uncategorized

കൗമാരകലാപൂരത്തിന് തുടക്കം; 64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു

തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരി തെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്തു. തേക്കിൻകാട് മൈതാനിയിലെ ‘സൂര്യകാന്തി’ എന്ന പ്രധാന വേദിയിലാണ് മുഖ്യമന്ത്രി കലോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. മന്ത്രിമാരായ വി. ശിവൻകുട്ടി, കെ. രാജൻ തുടങ്ങിയവർ വേദിയിലുണ്ടായിരുന്നു. നായിക റിയാ ഷിബുവും ചടങ്ങിൽ പങ്കെടുത്തു. രാവിലെ പൊതു വിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ് കലോത്സവത്തിന്‍റെ കൊടി ഉയര്‍ത്തി. കലോത്സവത്തിന്‍റെ ഉദ്ഘാടനത്തിനു മുന്നോടിയായി പാണ്ടിമേളം നടന്നു.

70 വർഷം കൊണ്ട് കലോത്സവത്തിന് വന്ന മാറ്റം അമ്പരിപ്പിക്കുന്നതാണെന്ന് ഉദ്ഘാടനത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിൽ സംസാരിച്ചു. 1966ൽ 200 പേർ മാത്രമായിരുന്ന മത്സരർഥികൾ ഇന്ന് 10,000ൽ അധികം പിന്നിട്ടിരിക്കുന്നു. ഈ കലോത്സവം വിജയകരമാവാൻ എല്ലാവരുടെയും സഹകരണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ആനന്ദാനുഭം സൃഷ്ടിക്കുക മാത്രമല്ല കലയുടെ ധർമം. സാമൂഹ്യസ്ഥിതി പൊളിച്ചെഴുതുന്നതിൽ കലയുടെ പങ്ക് ചരിത്രം പരിശോധിച്ചാൽ മനസിലാക്കാനാവും. പൊള്ളുന്ന ജീവിതാനുഭവങ്ങളെ ചൂണ്ടിക്കാട്ടാൻ കലയിലൂടെ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനുവരി 18 വരെ നീണ്ടുനില്‍ക്കുന്ന ഈ കലാമാമാങ്കത്തില്‍ 15,000-ത്തിലധികം വിദ്യാര്‍ഥി പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്. 24 വേദികളിലായി ഇനിയുള്ള അഞ്ച് ദിവസം കേരളത്തിലെ കൗമാര പ്രതിഭകളുടെ മത്സരാവേശം കാണാം. പൂക്കളുടെ പേരുകള്‍ നല്‍കിയ 25 വേദികളിലായാണ് അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന മത്സരങ്ങള്‍ നടക്കുന്നത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാമേളകളിലൊന്നായ സ്‌കൂള്‍ കലോത്സവത്തിന് വേദിയാകുമ്പോള്‍ നഗരം വലിയൊരു ആഘോഷത്തിനായുള്ള കാത്തിരിപ്പിലാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button