പേരാവൂർ: പേരാവൂർ താലൂക്ക് ആശുപത്രിയുടെ മാസ്റ്റർപ്ലാൻ പ്രകാരമുള്ള വികസന പ്രവൃത്തി തടസപ്പെടുത്തുന്നുവെന്ന് കാണിച്ച് പേരാവൂർ ഫോറം കൂട്ടായ്മ ഭാരവാഹികൾ ജില്ലാ കളക്ടർക്കും ഇരിട്ടി തഹസിൽദാർക്കും പരാതി നൽകി.ആശുപത്രി വികസനം തടയുന്നത് നിലവിൽ സർവീസിലുള്ള രണ്ട് ഡോക്ടർമാരാണെന്നും ഇതുസംബന്ധിച്ചു നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. ആശുപത്രി വികസനത്തിനായി 2019 ൽ പ്രഖ്യാപിക്കപ്പെട്ട മാസ്റ്റർപ്ലാൻ പ്രകാരം പദ്ധതി നടപ്പാക്കുന്നതിന് പ്രാഥമിക പ്രവൃത്തി ആരംഭിച്ചിരുന്നു. എന്നാൽ ഡോക്ടർമാർ ഹൈക്കോടതിയെ സമീപിക്കുകയും സ്റ്റേ വാങ്ങുകയും ചെയ്തു. ഈ രണ്ട് ഡോക്ടർമാരും ആശുപത്രി വകയായുള്ള സ്ഥലം അനധികൃതമായി തങ്ങളുടെ വീട്ടിലേക്കുള്ള വഴിയായി ഉപയോഗിക്കുന്നുവെന്നാണ് പേരാവൂർ ഫോറം പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. ഇവിടെ തന്നെ ഒരു ഡോക്ടർ ഷോപ്പിംഗ് കോംപ്ലക്സ് പണിയുകയും പൊതുവഴിയാണെന്ന് കാണിച്ച് പഞ്ചായത്തിൽ നിന്ന് ലൈസൻസ് നേടിയെടുക്കുകയായിരുന്നുവെന്നും പരാതിയിൽ ആരോപിക്കുന്നു. ഭാരവാഹികളായ ബേബി കുര്യൻ, സന്തോഷ് പാമ്പാറ, അബി ജോൺ, ആനന്ദ് കൃഷ്ണൻ, ബിനീഷ് നാമത്ത്, സിജോ പേരാവൂർ, സി.എം. ജോസഫ്, പി.പി. മനോജ് കുമാർ എന്നിവരാണ് പരാതി നൽകിയത്.
previous post