Uncategorized

പുൽപ്പള്ളി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പ്: ഗുരുതര ആരോപണവുമായി സിപിഎം, ‘ബിജെപിയും യുഡിഎഫും പരസ്പരം വോട്ട് ചെയ്തു’

വയനാട്: പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ യുഡിഎഫ്, ബിജെപി സഖ്യമെന്ന് സിപിഎം. സ്റ്റാൻ്റിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ ബിജെപിയും യുഡിഎഫും പരസ്പരം വോട്ട് ചെയ്തെന്നാണ് ആക്ഷേപം. എൽഡിഎഫ്- 9, യുഡിഎഫ്- 8, ബിജെപി- 4 എന്നിങ്ങനെയാണ് കക്ഷിനില. വികസന കാര്യം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റികളിൽ യുഡിഎഫ് 12 വോട്ടുകൾ നേടി. ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മിറ്റിയിലേക്ക് ബിജെപി പ്രതിനിധി എതിരില്ലാതെ ജയിച്ചു. പരസ്പരം സഹായിച്ചത് കൊണ്ടാണ് ബിജെപി – യുഡിഎഫ് സ്ഥാനാർഥികൾ വിജയിച്ചത് എന്നാണ് സിപിഎം ആരോപണം. കെ പി സി സി ജനറൽ സെക്രട്ടറി കെ എൽ പൗലോസ് നേതൃത്വം നൽകുന്ന ഗ്രൂപ്പാണ് സഖ്യത്തിന് കളമൊരുക്കിയതെന്ന് സിപിഎം ആരോപിച്ചു.

താമരക്കുളത്ത് യുഡിഎഫ് – എസ്ഡിപിഐ ധാരണയെന്ന് ആരോപണം
അതേസമയം നറുക്കെടുപ്പിലൂടെ യുഡിഎഫ് ഭരണം നേടിയ മാവേലിക്കര താമരക്കുളം ഗ്രാമപഞ്ചായത്തില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ യുഡിഎഫ് – എസ്ഡിപിഐ ധാരണയെന്ന് ആരോപണം. തിങ്കളാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ അംഗം യുഡിഎഫിനും യുഡിഎഫ് അംഗങ്ങള്‍ തിരിച്ചും വോട്ട് ചെയ്തതാണ് വിവാദമായത്. 18 അംഗ പഞ്ചായത്ത് സമിതിയില്‍ യുഡിഎഫിനും എല്‍ഡിഎഫിനും 7 വീതം അംഗങ്ങളാണുള്ളത്. ബിജെപിക്ക് മൂന്നും എസ്ഡിപിഐക്ക് ഒരാളുമാണുള്ളത്. വികസന, ക്ഷേമകാര്യ സ്ഥിരംസമിതികളിലേക്കുള്ള വനിതാ അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ അംഗം അഷറഫ് നെടുമ്പ്രത്തുംവിള യുഡിഎഫിന് വോട്ട് ചെയ്തു. ഇതോടെ യുഡിഎഫ് സ്ഥാനാര്‍ഥി റീന 8 വോട്ട് നേടി വിജയിച്ചു. എല്‍ഡിഎഫിലെ അമ്പിളിക്ക് 7 വോട്ടാണ് ലഭിച്ചത്.

തുടര്‍ന്ന് നടന്ന വികസനകാര്യ സമിതിയിലെ മറ്റ് അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ അംഗം അഷറഫിന് സ്വന്തം വോട്ടിന് പുറമെ 3 കോണ്‍ഗ്രസ് വോട്ടുകള്‍ കൂടി ലഭിച്ചു. ഇതോടെ 4 വോട്ട് ലഭിച്ച അഷറഫ് കമ്മിറ്റിയില്‍ ഇടംപിടിച്ചു. കോണ്‍ഗ്രസ് അംഗം രാധികയ്ക്ക് 4 വോട്ടും എല്‍ഡിഎഫ് അംഗം ഫിലിപ്പ് ഉമ്മന് 7 വോട്ടും ലഭിച്ചു. അതേസമയം 3 വോട്ട് മാത്രം ലഭിച്ച ബിജെപി അംഗം മധുകുമാറിന് കമ്മിറ്റിയില്‍ ഇടം നേടാനായില്ല. യുഡിഎഫ് രണ്ട് സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ ഉറപ്പിച്ചതും എസ്ഡിപിഐ അംഗം വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ എത്തിയതും ധാരണ പ്രകാരമാണെന്നാണ് എല്‍ഡിഎഫ് ആരോപിക്കുന്നത്. എന്നാൽ യുഡിഎഫുമായി യാതൊരു ധാരണയുമില്ലെന്നാണ് അഷറഫ് നെടുമ്പ്രത്തും വിള പറയുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button