Uncategorized

മകൻ യുഡിഎഫിനായി പ്രവർത്തിച്ചു; സിപിഎം ബാങ്ക് അമ്മയെ പിരിച്ചുവിട്ടു

തൊടുപുഴ തദ്ദേശ തിരഞ്ഞെടുപ്പിൽ
കോൺഗ്രസ് സ്‌ഥാനാർഥിക്കു വേണ്ടി 16 വയസ്സുള്ള മകൻ പ്രവർത്തിച്ചതിന് അമ്മയെ ജോലിയിൽ നിന്നു പിരിച്ചുവിട്ടു! സിപിഎം ഭരിക്കുന്ന കാരിക്കോട് സഹകരണ ബാങ്കിലെ താൽക്കാലിക സ്വീപ്പറായ നിസ ഷിയാസിനാണ് (42) ജോലി നഷ്ടപ്പെട്ടത്.

11 വർഷം മുൻപു നിസയുടെ ഭർത്താവ് മരിച്ചതാണ്. 6 വർഷമായി നിസ ഇവിടെ ജോലി ചെയ്യുന്നു. 2 മാസം മുൻപാണ് ശമ്പളം 500 രൂപ കൂടി ഉയർത്തി 5000 രൂപയാക്കിയത്. ശമ്പളവും പുതുവർഷ ബോണസായി 1000 രൂപയും കൂടി നൽകിയ ശേഷമാണു നിസയെ പിരിച്ചുവിട്ടത്.

ബോണസായി നൽകിയ 1000 രൂപതിരികെക്കൊടുത്തശേഷം നിസ ജോലി വിട്ടിറങ്ങി.

തൊടുപുഴ നഗരസഭയിലെ 21-ാം വാർഡായ കീരികോടിലെ കോൺഗ്രസ് സ്‌ഥാനാർഥിയായ വിഷ്ണു കോട്ടപ്പുറത്തിനായി മകൻ തിരഞ്ഞെടുപ്പു പ്രവർത്തനത്തിന് ഇറങ്ങിയിരുന്നെന്നും സൗഹൃദത്തിന്റെ പേരിൽ പ്രവർത്തിച്ചതിനാൽ തടഞ്ഞില്ലെന്നും നിസ പറയുന്നു. എൽഡിഎഫ് സ്വാധീന മേഖലയായ വാർഡിൽ 319 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിഷ്ണു വിജയിച്ചതാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്.

ബാങ്കിൽ ജോലി നൽകിയ അന്നത്തെ പ്രസിഡന്റിനെയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗത്തെയും നിസ കണ്ടിരുന്നു. അവർ അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും പ്രാദേശിക നേതൃത്വത്തിന്റെ സമ്മർദത്തിൽ ബാങ്ക് ഭരണസമിതി പിരിച്ചു വിടുകയായിരുന്നു. നിസയെ ജോലിയിൽ തുടരാൻ അനുവദിച്ചാൽ പാർട്ടി വിടുമെന്ന് സമൂഹമാധ്യമത്തിലുടെ പ്രാദേശിക പ്രവർത്തകർ ഭീഷണിയും മുഴക്കിയിരുന്നു. ബാങ്ക് അധികൃതർ പ്രതികരിക്കാൻ തയാറായില്ല.

. സിപിഎം പ്രവർത്തകനും ചുമട്ടുത്തൊഴിലാളിയുമായിരുന്ന ഭർത്താവ് ടി.എ.ഷിയാസിന്റെ വിയോഗത്തിലാണ് ജോലി ലഭിച്ചത്. ഏക വരുമാന മാർഗമായിരുന്നു. ജോലിയിൽ തുടരാനും ആഗ്രഹിച്ചിരുന്നു. – നിസ ഷിയാസ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button