ശബരിമലയില്‍ നിന്ന് കൊള്ളയടിച്ച സ്വര്‍ണം കണ്ടെത്താനായിട്ടില്ലെന്ന് എസ്ഐടി ഹൈക്കോടതിയില്‍

ശബരിമലയില്‍ നിന്നും കൊളളയടിച്ച സ്വര്‍ണം കണ്ടെത്തിയിട്ടില്ലെന്ന് എസ്ഐടി ഹൈക്കോടതിയെ അറിയിച്ചു. പങ്കജ് ഭണ്ഡാരിയും ഗോവര്‍ധനും എസ്ഐടിക്ക് നല്‍കിയത് ശബരിമലയിലെ സ്വര്‍ണമാണോ എന്ന് ഉറപ്പില്ലെന്നും എസ്ഐടി റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു.
പങ്കജ് ഭണ്ഡാരി 109.243 ഗ്രാമും ഗോവര്‍ധന്‍ 474.960 ഗ്രാമും എസ്ഐടി മുമ്പാകെ ഹാജരാക്കി. സന്നിധാനത്ത് നിന്ന് കൊണ്ടുപോയ സ്വര്‍ണം എന്നാണ് ഇരുവരും പറഞ്ഞതെങ്കിലും അതില്‍ ഉറപ്പില്ലെന്നാണ് എസ്ഐടി കോടതിയില്‍ അറിയിച്ചത്. കട്ടിളപ്പാളിയിലും ദ്വാരപാലക തൂണുകളിലെ പാളികളിലുമായി കൂടുതല്‍ സ്വര്‍ണം നഷ്ടമായിട്ടുണ്ടെന്നാണ് എസ്ഐടി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഉള്ളത്.
കട്ടിളയില്‍ പതിപ്പിച്ചിരുന്ന ഏഴു പാളികളാണ് ഇളക്കിയെടുത്തത്. ഇതില്‍ നിന്നും സ്വര്‍ണം നഷ്ടമായിട്ടുണ്ട്. വ്യാളീരൂപവും ശിവരൂപവും അടങ്ങുന്ന പ്രഭാമണ്ഡലത്തിലെ സ്വര്‍ണവും കവര്‍ന്നിട്ടുണ്ടെന്ന് എസ്ഐടി കോടതിയില്‍ പറഞ്ഞു.
അതേസമയം, സ്വര്‍ണക്കൊള്ളയില്‍ യുഡിഎഫ് പറഞ്ഞത് ശരിയായെന്ന് തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. 2019 ല്‍ കൊള്ള നടന്നത് സര്‍ക്കാര്‍ അറിഞ്ഞിരുന്നു. 2024 ല്‍ വീണ്ടും അയ്യപ്പന്‍റെ സ്വര്‍ണം കക്കാനിറങ്ങിയെന്നും കൂടുതല്‍ സിപിഎം നേതാക്കള്‍ അകത്തുപോകുമെന്നും വി.ഡി.സതീശന്‍ പറഞ്ഞു.




