‘പോറ്റിയെ ആദ്യം കയറ്റിയത് സോണിയാ ഗാന്ധിയുടെ വീട്ടില്‍’; പരിഹസിച്ച് മുഖ്യമന്ത്രി

ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രധാന പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ ആദ്യം കയറ്റിയത് സോണിയാ ഗാന്ധിയുടെ വീട്ടിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പോറ്റിയും സ്വർണം വാങ്ങി എന്ന് അന്വേഷണത്തില്‍ കണ്ടെത്തിയ പ്രതിയും ഒരുമിച്ചാണ് അവിടെ പോയത്. തട്ടിപ്പുകാര്‍ എങ്ങനെയാണ് ഇത്രയും സുരക്ഷാ സംവിധാനമുള്ള സോണിയ ഗാന്ധിയെപ്പോലെ ഒരു നേതാവിനെ കണ്ടതെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
കേസില്‍ അടൂർ പ്രകാശിന്റെ പേര് വരുന്നത് എങ്ങനെയെന്ന് മുഖ്യമന്ത്രി ചോദിച്ചു. സോണിയ ഗാന്ധിയും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ തനിക്ക് പങ്കില്ല എന്ന് അടൂർ പ്രകാശ് പറയുന്നു. പോറ്റി വിളിക്കുന്ന സ്ഥലത്ത് പോകേണ്ട ആളാണോ അടുര്‍ പ്രകാശ് എന്ന് ചോദിച്ച മുഖ്യമന്ത്രി, മറുപടി പറയുന്നതിന് പകരം യുഡിഎഫ് കണ്‍വീനര്‍ കൊഞ്ഞനം കുത്തുകയാണെന്നും വിമര്‍ശിച്ചു.
തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെന്ന വാര്‍ത്ത മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയില്‍ നിന്നാണ് വന്നതെന്ന് അടൂര്‍ പ്രകാശ് നേരത്തെ ആരോപിച്ചിരുന്നു. ഈ ആരോപണത്തിനുള്ള മറുപടിയായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. അടൂര്‍ പ്രകാശ് എംപി ഉന്നയിച്ച ആരോപണം മുഖ്യമന്ത്രി തള്ളി.
ശബരിമല സ്വര്‍ണക്കൊള്ളക്കേസ് അന്വേഷണത്തില്‍ ഒരു ഇടപെടലും നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണം ഹൈക്കോടതി മേല്‍നോട്ടത്തിലാണെന്നും ഒരു ഇടപെടലും നടത്താന്‍ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിഎം ഓഫിസിനെ പറഞ്ഞാല്‍ രക്ഷപ്പെടുമെന്ന് ആരും കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.




