നട്ടെല്ല് തകർന്നു, മനസ്സ് തളർന്നില്ല; സ്വന്തം ലിഫ്റ്റിലേറി കൊച്ചുമോൻ, സഹതാപത്തിന് ഇവിടെ സ്പേസില്ല

അടിമാലി (ഇടുക്കി): പെരിഞ്ചാംകുട്ടി ഗ്രാമത്തിൽ, പുഴയോരത്തുനിന്ന് ഏലച്ചെടികൾക്കിടയിലൂടെ കൂടനിറയെ കാടപ്പക്ഷികളുമായി ഒരു മനുഷ്യൻ മലയേറിവരുന്ന അവിശ്വസനീയമായൊരു കാഴ്ചയുണ്ട്. ആർക്കും പ്രത്യാശനൽകുന്ന മനുഷ്യപ്രയത്നത്തിൻ്റെ പ്രതീകമായ ഒരു ജീവിതക്കാഴ്ച.
പലക തട്ടിട്ട, അലുമിനിയം ഷീറ്റ് മേൽക്കൂരയുള്ള, മോട്ടോർ ഘടിപ്പിച്ചൊരു ലിഫ്റ്റിൽ വീൽച്ചെയറിലാണ് ഇരിപ്പ്. കുന്നിനെ രണ്ടായിപ്പകുത്ത് റെയിൽപ്പാളത്തെ അനുസ്മരിപ്പിക്കുന്ന ഇരുമ്പുകമ്പികളിലൂടെ കയറുമ്പോൾ ചുറ്റും ലിഫ്റ്റിൻ്റെ ചക്രങ്ങൾ പ്രകമ്പനംകൊള്ളുന്ന ശബ്‌ദം. മുകളിൽ അത് അവസാനിക്കുന്നിടത്തെ കോൺക്രീറ്റ് സ്ലാബിലേക്ക് അയാൾ വീൽച്ചെയർ അനായാസം വട്ടംകറക്കി കയറ്റി. പിന്നെ മറ്റൊരു ലിഫ്റ്റിൽ മുകളിലെ വീട്ടിലേക്ക്… അവിടെ കാത്തുനിന്നവർക്ക് കൂടകൾ കൈമാറി, നീണ്ടമുടി കോതിയൊതുക്കി അയാളൊന്ന് നിറഞ്ഞുചിരിച്ചു. പോരാട്ടവും അതിജീവനവും ആത്മവിശ്വാസവും നിറഞ്ഞ ചിരി. ഇത് ഇടുക്കി പെരിഞ്ചാംകുട്ടി മറ്റത്തിൽ കൊച്ചുമോനെന്ന ജോസഫ് വർഗീസ്.
2022-ൽ പാലക്കാട്ട് കള്ളുചെത്തുന്നതിനിടെ തെങ്ങിൽനിന്നു വീണ് നട്ടെല്ലുതകർന്ന് അരയ്ക്കുതാഴേക്ക് ചലനം നഷ്ടപ്പെട്ട കൊച്ചുമോൻ അതിജീവനത്തിനായി റോഡരികിലെ വീട്ടിൽനിന്ന് ഇരുനൂറടി താഴെയുള്ള കൃഷിയിടത്തിലേക്കിറങ്ങാൻ സ്വന്തമായി നിർമിച്ചത് രണ്ട് ലിഫ്റ്റുകളാണ്. ഒന്ന് വീടിനുള്ളിൽനിന്ന് താഴെ നിരപ്പിലേക്കും മറ്റൊന്ന് അവിടെനിന്ന് ചെരിവുള്ള മലയടിവാരത്തേക്കും.
അവിടെ പുഴയരികിൽ കാടകളെ പാർപ്പിക്കാൻ അയാൾതന്നെ നിർമിച്ച ഷെഡ്ഡുണ്ട്. കാടമാലിന്യം വളമാക്കി മലഞ്ചെരിവിനെ പച്ചപുതപ്പിച്ച് ഒരു ജൈവ ഏലത്തോട്ടവും. മകൾ, പത്താം ക്ലാസുകാരി ആഗ്നസും പ്രായമായ പിതാവ് വർഗീസും ആ തണലിൻകീഴിലാണ്.
ചെറുപ്പത്തിൽത്തന്നെ വെൽഡിങ് ജോലിമുതൽ പ്ലംബ്ബിങ്ങും മരപ്പണിയും കൃഷിയുമടക്കം ജോലികൾ പലതും പഠിച്ചെടുത്തിരുന്നു. അപകടത്തിൽ സുഷുമ്നാനാഡി തകർന്നതോടെ എഴുന്നേറ്റു നടക്കാനാകില്ലെന്ന് വൈദ്യശാസ്ത്രം വിധിയെഴുതി.
പക്ഷേ, തളരാതെ വീൽച്ചെയറിലിരുന്ന് പോരാട്ടം തുടങ്ങി. മലഞ്ചെരിവിലെ 30 സെൻറ് കൃഷിയിടത്തിലെത്താൻ ഇലക്ട്രിക് മോട്ടറിലോടുന്ന, കൈകൊണ്ട് നിയന്ത്രിക്കാവുന്ന ആയിരം കിലോവരെ തൂക്കംവഹിക്കുന്ന ലിഫ്റ്റുകൾ നാലുമാസംകൊണ്ട് നിർമിച്ചെടുത്തു.
സുഹൃത്തുക്കൾ സഹായിച്ചെങ്കിലും രൂപകല്പനമുതൽ വെൽഡിങ് ജോലികളടക്കം ചെയ്തതും സ്വന്തമായി. കാട വിരിയിക്കാനുള്ള ഇൻകുബേറ്ററും പക്ഷിയെ പിടിക്കാനും മുട്ടപെറുക്കാനുമുള്ള സംവിധാനങ്ങളുമൊരുക്കി. ലിഫ്റ്റിൽ കയറി ദിവസവും ചുരുങ്ങിയത് അഞ്ചുവട്ടമെങ്കിലും യാത്രയുണ്ട്. വൈദ്യുതി പോയാൽ ചിലപ്പോൾ മണിക്കൂറുകളോളം അതിൽപ്പെടും. ഒരിക്കൽ വീൽച്ചെയർ മറിഞ്ഞ് ചെരിവിലൂടെ താഴേക്കുപോയെങ്കിലും രക്ഷപ്പെട്ടു.
“സഹതാപമൊന്നും വേണ്ട, മുന്നോട്ടുപോകാൻ ആർജവം തരുന്ന മനുഷ്യരെയാണ് വേണ്ടത്” -കൊച്ചുമോന്റെ വാക്കുകളിൽ എപ്പോഴും പ്രതീക്ഷമാത്രം.




