ശബരിനാഥന് മറുപടിയുമായി വി കെ പ്രശാന്ത്; ‘ശാസ്തമംഗലത്തെ ഓഫീസ് ജനങ്ങളുടെ സൗകര്യത്തിന്, ശബരിനാഥന്‍റെ സൗകര്യത്തിനല്ല’

തിരുവനന്തപുരം: എംഎൽഎ ഹോസ്റ്റലിൽ മുറിയുണ്ടെന്ന കവടിയാർ കൗൺസിലർ കെ എസ് ശബരിനാഥന്‍റെ പരാമർശത്തിന് മറുപടിയുമായി വി കെ പ്രശാന്ത്. ബിജെപി അവരുടെ അജണ്ട നടപ്പിലാക്കുമ്പോൾ എംഎൽഎ ആയിരുന്ന ശബരിനാഥനെ പോലെ ഒരാൾ പ്രതികരിക്കേണ്ടത് അങ്ങനെയാണോ എന്ന് അദ്ദേഹമാണ് ചിന്തിക്കേണ്ടതെന്ന് വി കെ പ്രശാന്ത് പറഞ്ഞു. ഇത്തരം തിട്ടൂരങ്ങൾക്ക് ശിരസ് കുനിക്കുകയാണെങ്കിൽ കേരളത്തിന്‍റെ സ്ഥിതി എന്താവും എന്ന് അദ്ദേഹം ആലോചിക്കണം. ശാസ്തമംഗലത്തെ ഓഫീസ് മണ്ഡലത്തിലെ ജനങ്ങളുടെ സൗകര്യത്തിനാണെന്നും ശബരിനാഥിന്‍റെ സൗകര്യത്തിനല്ലെന്നും വി കെ പ്രശാന്ത് വ്യക്തമാക്കി.
“എന്തുകൊണ്ട് ഓഫീസ് അവിടെയെടുത്തു എന്നതിന് ഉത്തരമിതാണ്. എന്‍റെ മണ്ഡലത്തിലെ ആളുകൾക്ക് എല്ലാ സമയത്തും കടന്നുവരാനുള്ള സൌകര്യത്തിനാണ് ശാസ്തമംഗലത്തെ സ്ഥലം കണ്ടെത്തിയത്. ഏഴ് വർഷക്കാലമായി സുഗമമായി അവിടെ പ്രവർത്തിക്കുകയാണ്. ബിജെപിയുടെ ഭരണ സമിതി അധികാരത്തിൽ വന്നപ്പോഴാണ് ഏതോ അജണ്ടയുടെ ഭാഗമായി എംഎൽഎയെ അവിടെ നിന്ന് മാറ്റണണമെന്ന് ഒരു ചർച്ച ഉയർത്തിക്കൊണ്ടുവരുന്നത്. ശബരിനാഥനെ പോലൊരു ആൾ അതിന് കൂട്ടുനിൽക്കുന്നത് എന്ത് അർത്ഥത്തിലാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. പ്രത്യേക രാഷ്ട്രീയ സ്ഥിതിയിൽ അത് പഠിക്കേണ്ടതായിട്ടുണ്ട്. എന്നെ സംബന്ധിച്ച് എന്‍റെ നിയോജക മണ്ഡലത്തിലെ മുഴവൻ പേർക്കും വന്നുചേരാൻ കഴിയുന്ന സുഗമമായ സ്ഥലം എന്ന നിലയിലാണ് ശാസ്തമംഗലത്തെ ഓഫീസ് പ്രവർത്തിക്കുന്നത്. ജനങ്ങളുടെ സൌകര്യത്തിനാണ് ശാസ്തമംഗലത്തെ ഓഫീസ്. അല്ലാതെ ശബരിനാഥിന്‍റെ സൌകര്യത്തിനല്ല. നൂറു കണക്കിന് സാധാരണക്കാർ അവിടെ എന്നും വരുന്നുണ്ട്. എംഎൽഎ ഹോസ്റ്റലിൽ എല്ലാ എംഎൽഎമാരെയും പോലെ എനിക്കും മുറിയുണ്ട്. എന്നാൽ സാധാരണക്കാർക്ക് ഏത് സമയത്തും അനുവാദത്തിന് കാത്തുനിൽക്കാതെ കടന്നുവരാൻ കഴിയുന്ന വിധത്തിലാണ് ശാസ്തമംഗലത്തെ ഓഫീസ് പ്രവർത്തിക്കുന്നത്”- വി കെ പ്രശാന്ത് പറഞ്ഞു. മാർച്ച് 31 വരെയുള്ള വാടക തുക അടച്ചിട്ടുണ്ട്, ആ കാലാവധി കഴിഞ്ഞ് ആലോചിക്കാമെന്ന നിലപാട് വി കെ പ്രശാന്ത് ആവർത്തിച്ചു.
ശബരിനാഥൻ പറഞ്ഞത്…
“ശാസ്തമംഗലം വാർഡിലെ നഗരസഭ ഓഫീസിൽ എംഎൽഎയുടെ ഓഫീസ് പ്രവർത്തിക്കുന്ന വിഷയത്തിൽ നഗരസഭയും വി കെ പ്രശാന്തും തമ്മിലുള്ള കരാർ പരിശോധിച്ചുകൊണ്ടു വാടക തുക അടക്കമുള്ള കാര്യങ്ങൾ ഇനി തീരുമാനിക്കേണ്ടത് നഗരസഭയാണ്. അത് അവിടെ നിൽക്കട്ടെ, എനിക്ക് മറ്റൊരു വസ്തുത കൂടി പറയേണ്ടതുണ്ട്.




