കൂട്ടബലാൽസംഗത്തിന് ഇരയായെന്ന് മലയാളി വിദ്യാർഥിനി; അന്വേഷണത്തിൽ ട്വിസ്റ്റ‌്; ഞെട്ടി കാമുകനും

ബെംഗളൂരുവിൽ കൂട്ടബലാൽസംഗത്തിന് ഇരയായെന്ന 22 കാരിയായ മലയാളി വിദ്യാർഥിനിയുടെ പരാതി വ്യാജമെന്ന് പൊലീസ്. ഒരു ക്യാബ് ഡ്രൈവറും ഇയാളുടെ സുഹൃത്തും ചേർന്ന് തന്നെ കൂട്ടബലാൽസംഗത്തിന് ഇരയാക്കിയെന്നായിരുന്നു വിദ്യാർഥിനിയുടെ പരാതി. എന്നാൽ അന്വേഷണത്തിൽ ഉഭയ സമ്മത പ്രകാരമുള്ള ബന്ധമായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളും വാട്ട്സ്ആപ്പ് ചാറ്റുകളും കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പരാതി വ്യാജമെന്ന് തെളിയിക്കാൻ പൊലീസിനെ സഹായിച്ചത്. ഒപ്പം പൊലീസ് ചോദ്യം ചെയ്യലിൽ യുവതി പരസ്‌പരവിരുദ്ധമായ മൊഴികൾ നൽകിയതും അന്വേഷണത്തിൽ നിർണായകമായി.
ബെംഗളുരുവിലെ സ്വകാര്യ കോളജിലെ നഴ്സിങ് വിദ്യാർഥിനിയാണ് പരാതിക്കാരി. ഡിസംബർ 2 ന് രാത്രി സർ എം വിശ്വേശ്വരയ്യ ടെർമിനലിന് സമീപം ക്യാബ് ഡ്രൈവറും അയാളുടെ സുഹൃത്തും ചേർന്ന് തന്നെ ബലാൽസംഗം ചെയ്‌തുവെന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്. മഡിവാല സ്റ്റേഷനിലാണ് യുവതി ആദ്യം പരാതിയുമായി എത്തിയത്. കാമുകനും ഒപ്പമുണ്ടായിരുന്നു. പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. എന്നാൽ പരാതിയിൽ പറയുന്നത് പ്രകാരം കൃത്യം നടന്നത് ബനസ്വാഡി പൊലീസ് സ്‌റ്റേഷൻ പരിധിയിലായതിനാൽ കേസ് അങ്ങോട്ട് കൈമാറുകയായിരുന്നു
വിദ്യാർഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ബെംഗളൂരുവിലെ വസതിയിൽ വെച്ച് 33 കാരനും രണ്ട് കുട്ടികളുടെ പിതാവുമായ ക്യാബ് ഡ്രൈവറെ അറസ്‌റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ തുടക്കം മുതലേ യുവാവ് തനിക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ചിരുന്നു. പിന്നാലെ അന്വേഷണത്തിന്റെ ഭാഗമായി സംഭവസ്‌ഥലത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഡിസംബർ 2 ന് രാത്രി 11.30 നും ഡിസംബർ 3 ന് പുലർച്ചെ 5.30 നും ഇടയിൽ റെയിൽവേ സ്‌റ്റേഷനിൽ യുവതിയും ക്യാബ് ഡ്രൈവറും ഒരുമിച്ച് നിൽക്കുന്നത് പൊലീസ് കണ്ടെത്തി. എന്നാൽ ഡ്രൈവറുടെ സുഹൃത്തുക്കളായി ആരും തന്നെ ദൃശ്യങ്ങളിൽ ഇല്ലായിരുന്നു. ക്യാബിൽ നിന്ന് ഇറങ്ങിയ ശേഷം ഇരുവരും ഒരുമിച്ച് നടക്കുന്നതും കാറിൽ കയറുന്നതും സ്‌റ്റേഷനിൽ ചുറ്റിനടക്കുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. പുലർച്ചെ 5.30 ന് യുവതി എറണാകുളത്തേക്കുള്ള ട്രെയിനിൽ കയറുകയും ചെയ്തു.
പൊലീസിന്റെ അന്വേഷണത്തിൽ
യുവതിയും ക്യാബ് ഡ്രൈവറും പരിചയക്കാരായിരുന്നുവെന്ന് തെളിഞ്ഞു. ഡിസംബർ 3 മുതൽ യുവതി ഡ്രൈവർക്ക് നിരവധി സന്ദേശങ്ങൾ അയച്ചിരുന്നെന്നും ഇത് ഉഭയ സമ്മതത്തോടെയുള്ള ബന്ധമാണ് ഇരുവരും തമ്മിലുണ്ടായിരുന്നത് എന്നതിലേക്ക് വിരൽചൂണ്ടുന്നതാണെന്നും പൊലീസ് പറഞ്ഞു. തുടർന്ന് പൊലീസ് യുവതിയെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചു. തുടർച്ചയായ ചോദ്യം ചെയ്യലിൽ, കഴുത്തിലെ പോറലുകളെക്കുറിച്ച് കാമുകൻ ചോദിച്ചപ്പോൾ രക്ഷപ്പെടാനാണ് ബലാൽസംഗത്തിനിരയായി എന്ന് പറഞ്ഞതെന്ന് യുവതി സമ്മതിച്ചു.
യുവതിയെ വിശ്വസിച്ച കാമുകനാണ് പരാതി നൽകാൻ നിർബന്ധിച്ച് സ്റ്റേഷനിൽ എത്തിച്ചതെന്നും പൊലീസ് പറഞ്ഞു.
അന്വേഷണത്തിനിടെ യുവതി പലതവണ മൊഴി മാറ്റിയെന്നും അന്വേഷണ ഉദ്യോഗസ്‌ഥർ വ്യക്തമാക്കി. കൂട്ടബലാൽസംഗത്തിന് ഇതുവരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും നടന്നത് കൂട്ടബലാൽസംഗമല്ല മറിച്ച് ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണെന്നും പൊലീസ് പറയുന്നു. അതേസമയം, യുവതിയുടെ പരാതിയിൽ അറസ്‌റ്റിലായ ക്യാബ് ഡ്രൈവർ കസ്റ്റഡിയിൽ തന്നെ തുടരുന്നതായാണ് റിപ്പോർട്ട്. യുവതി പരാതി നൽകിയതിന് പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്




