‘കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് 2 യമണ്ടന്‍ തോല്‍വികള്‍; നിയമസഭയില്‍ 20 സീറ്റ് തികയ്ക്കാന്‍ കഷ്ടപ്പെടും’

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ രണ്ട് വന്തോല്വികളാണ് കേരളത്തിലെ കോണ്‍ഗ്രസിനെ കാത്തിരിക്കുന്നതെന്ന് പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമായ കലവൂർ രവികുമാർ. സാധാരണ ഒരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോൾ ഒരുപാട് രാഷ്ട്രീയ പ്രശ്നങ്ങൾ ഒരു പ്രസ്ഥാനം മുന്നോട്ടു വെക്കും. കോൺഗ്രസിനു ഇത്തവണ അതിന് കഴിഞ്ഞിട്ടുണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു.
ഈ വിഷയം ഇവിടംകൊണ്ട് അവസാനിക്കുമെന്ന് തോന്നുന്നില്ല. രാഹുൽവിഷയം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് വരെ അന്തരീക്ഷത്തിൽ ഉണ്ടാകും. ഇതിനെല്ലാം പുറമെ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള സംസ്ഥാന സർക്കാറിന്റെ ജനപ്രിയ പ്രഖ്യാപനങ്ങള്‍ കൂടിയാകുമ്പോള്‍ നിയമസഭാ തെരഞ്ഞെടുപ്പിൽ 20 സീറ്റ് തികക്കാൻ കോൺഗ്രസും സഖ്യകക്ഷികളും കഷ്ടപ്പെടും. അങ്ങനെ ചരിത്രത്തിലെ രണ്ടു യമണ്ടൻ തോൽവികൾ മുൻകൂർ ബുക്ക് ചെയ്തു പാതാളത്തിലേക്ക് താഴാൻ തയ്യാറായി നിൽക്കുകയാണ് കോൺഗ്രസെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു.
കലവൂർ രവികുമാറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..
രണ്ടു വൻ തോൽവികൾ ഏറ്റുവാങ്ങാൻ കോൺഗ്രസിന്റെ ശ്വാസം ഇത്തിരി ബാക്കി. വരാനിരിക്കുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ഏറ്റവും മികച്ച തോൽവി ഏറ്റുവാങ്ങാൻ ഒരുങ്ങിയിരിക്കുകയാണ് കോൺഗ്രസ്. സാധാരണ ഒരു തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോൾ ഒരുപാട് രാഷ്ട്രീയ പ്രശ്നങ്ങൾ ഒരു പ്രസ്ഥാനം മുന്നോട്ടു വെക്കും. കോൺഗ്രസിനു ഇത്തവണ അതിന് കഴിഞ്ഞിട്ടുണ്ടോ? ഈ തെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തെ പ്രതിരോധിക്കുക എന്നത് മാത്രമാണ് കോൺഗ്രസ് ചെയ്തുകൊണ്ടിരുന്നത്. തെരഞ്ഞെടുപ്പ് അടുക്കുംതോറും അത് വലിയ തിരിച്ചടിക്കിടയാക്കും എന്ന് ആ പാർട്ടി തന്നെ തിരിച്ചറിഞ്ഞു കഴിഞ്ഞു. അതുകൊണ്ടാണ് ഇപ്പോൾ രാഹുലിനെ കൈവിടാൻ കോൺഗ്രസ് ദുർബലമായെങ്കിലും ശ്രമിക്കുന്നത്.
രാഹുൽ കേസ് രാഹുലിന്റെ വ്യക്തിപരമായ ചെയ്തി മാത്രമാണ്. അതിന് കുടപിടിക്കാനോ അതിനെ ന്യായീകരിക്കാനോ കോൺഗ്രസിന് ബാധ്യത ഉണ്ടായിരുന്നില്ല. ആ ബോധ്യത്തോടെയും ധീരതയോടെയും, ആദ്യമേ തന്നെ രാഹുലിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കാൻ കഴിയാതിരുന്നതാണ് കോൺഗ്രസിന്റെ ഏറ്റവും വലിയ ദുരന്തം. തന്നെ പുറത്താക്കിയാൽ ബാക്കി ബണ്ടിചോറുകളെ കുറിച്ച് പറയാനുള്ളതൊക്കെ പറയും എന്ന രാഹുലിന്റെ ഭീഷണിയാവാം ഈ ദുരന്തം തങ്ങളെ വിഴുങ്ങുന്നത് നിശബ്ദം സഹിക്കാൻ കോൺഗ്രസിനെ പ്രേരിപ്പിച്ചത്.
രാഹുലിനെ വിമർശിക്കുന്നവർ സ്വന്തം കക്ഷിയിൽ നിന്നുള്ളവർ ആണെങ്കിൽ പോലും അവരെ തെറിയഭിഷേകം ചെയ്യുന്ന സൈബർ തെമ്മാടിസംഘത്തെയും കോൺഗ്രസ് നേതാക്കൾ ഭയന്നിരുന്നു എന്നുറപ്പാണ്.രാഹുലിന്റെ ഈ ശേഷിയും രാഹുലിനെ പൂർണ്ണമായും തള്ളിപ്പറയാനുള്ള അവരുടെ ശേഷിയില്ലാതാക്കി.യഥാർത്ഥത്തിൽ ഈ ശേഷിയും ശേഷിക്കുറവും ആണ് രാഹുലും കോൺഗ്രസ്സും തമ്മിലുള്ള ദൂരം. എന്തായാലും ഇത്തരം പല കാരണങ്ങളാൽ രാഹുലിനെ സംരക്ഷിക്കാവുന്നിടത്തോളം കോൺഗ്രസ് സംരക്ഷിച്ചു.




