കണ്ണൂർ: നാഷനൽ എംപ്ലോയ്മെന്റ് സർവീസിന്റെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സംഘടിപ്പിച്ച ജില്ലാ നിയുക്തി തൊഴിൽ മേളയിൽ 3452 ഉദ്യോഗാർഥികളും 55 ഉദ്യോഗദായകരും പങ്കെടുത്തു. 1163 പേരെ ഷോർട്ട് ലിസ്റ്റ് ചെയ്യുകയും 121 പേർക്ക് നിയമനം നൽകുകയും ചെയ്തു. ആസ്റ്റർ മിംസ്, വാസൻ ഐ കെയർ, ഐ ട്രസ്റ്റ് ഐ കെയർ, യുഎൽടിഎസ്, ബിസിനസ് റിസർച്ച് ആൻഡ് അനലിറ്റിക്സ് തുടങ്ങിയ സ്ഥാപനങ്ങളാണ് പങ്കെടുത്തത്. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അധ്യക്ഷയായിരുന്നു. കോർപറേഷൻ കൗൺസിലർ സി.എം. പദ്മജ, ചൊവ്വ എച്ച്എസ്എസ് മുഖ്യാധ്യപകൻ കെ. വിനോദ് കുമാർ, ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസർ എം.ആർ. രവികുമാർ, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ ഇൻ ചാർജ് രമേശൻ കുനിയിൽ എന്നിവർ പ്രസംഗിച്ചു. മേളയിൽ ഇന്ത്യൻ വ്യോമസേനയുടെ സ്റ്റാൾ മികച്ച പ്രതികരണം നേടി. അടുത്ത വ്യോമസേന റിക്രൂട്ട്മെൻറ് ഫെബ്രുവരി മധ്യത്തിൽ നടക്കാനിരിക്കെയാണ് മലയാളിയായ കോർപറൽ പി.കെ. ഷെറിൻ, സർജൻറുമാരായ ഡി.ജെ. സിംഗ്, സുരേഷ് എന്നിവർ യുവാക്കൾക്ക് വ്യോമസേനയെക്കുറിച്ച് അവബോധവും മോട്ടിവേഷൻ ക്ലാസും നൽകിയത്.