ചൈനയുടെ ആദ്യ റീയൂസബിള്‍ റോക്കറ്റ് ലാന്‍ഡിംഗിനിടെ പൊട്ടിത്തെറിച്ചു; വീഡിയോ വൈറല്‍

ബെയ്‌ജിംഗ്: പുനഃരുപയോഗിക്കാന്‍ കഴിയുന്ന ബഹിരാകാശ റോക്കറ്റുകളുടെ രംഗത്ത് അമേരിക്കന്‍ കുതിപ്പിനൊപ്പം എത്താനുള്ള ചൈനീസ് മോഹങ്ങള്‍ക്ക് തിരിച്ചടി. ചൈനയുടെ ചരിത്രത്തിലെ ആദ്യ റീയൂസബിള്‍ റോക്കറ്റായ Zhuque-3യുടെ പരീക്ഷണം പരാജയപ്പെട്ടു. ചൈനീസ് സമയം ബുധനാഴ്‌ച ഉച്ചയോടെ ജിയുക്വാൻ ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തില്‍ നിന്ന് കുതിച്ചുയര്‍ന്ന Zhuque-3 റോക്കറ്റിന്‍റെ രണ്ടാംഭാഗം (Upper Stage) വിജയകരമായി ബഹിരാകാശം താണ്ടിയെങ്കിലും തിരികെ വരവില്‍ ബൂസ്റ്ററിന്‍റെ (First Stage) ലാന്‍ഡിംഗ് പരാജയപ്പെടുകയായിരുന്നു. ലാന്‍ഡിംഗ് ചെയ്യാന്‍ നിശ്ചയിച്ചിരുന്ന തറയ്‌ക്ക് സമീപം റോക്കറ്റിന്‍റെ ബൂസ്റ്റര്‍ ഭാഗം അഗ്നിഗോളമായി തകര്‍ന്നുവീഴുകയായിരുന്നു എന്നാണ് ചൈനീസ് മോണിംഗ് പോസ്റ്റിന്‍റെ റിപ്പോര്‍ട്ട്. ബെയ്‌ജിംഗ് ആസ്ഥാനമായുള്ള സ്വകാര്യ വാണിജ്യ ബഹിരാകാശ കമ്പനിയായ ലാന്‍ഡ്‌സ്പേസിന്‍റെതാണ് Zhuque-3 റോക്കറ്റ്.




