ഡിറ്റ് വാ ചുഴലിക്കാറ്റ് ഇന്ന് ഇന്ത്യൻ തീരം തൊട്ടേക്കും; തമിഴ്നാട്, പുതുച്ചേരി ആന്ധ്രാപ്രദേശ് തീരങ്ങളിൽ ജാഗ്രതാ നിർദേശം

ഡൽഹി: ശ്രീലങ്കയിൽ കനത്ത നാശനഷ്ടം വിതച്ച ഡിറ്റ് വാ ചുഴലിക്കാറ്റ് ഇന്ന് ഇന്ത്യൻ തീരം തൊട്ടേക്കും. തമിഴ്നാട്, പുതുച്ചേരി ആന്ധ്രാപ്രദേശ് തീരങ്ങളിൽ ജാഗ്രതാ നിർദേശം നൽകി. ഇവിടങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മേഖലകളിൽ അടുത്ത മൂന്ന് ദിവസം മഴ കനക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തമിഴ്നാട്ടിൽ 6000 ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തേക്ക് അടുക്കുന്നതിനാൽ സംസ്ഥാനത്ത് അതീവ ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. തമിഴ്നാട്, പുതുച്ചേരി ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കടലൂർ, നാഗപട്ടണം, മയിലാടുതുറൈ, വില്ലുപ്പുറം, ചെങ്കൽപ്പട്ട് ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
ശക്തമായ കാറ്റിനെ തുടർന്ന് ചെന്നൈ വിമാനത്താവളത്തിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി. വിവിധയിടങ്ങളിൽ ശക്തമായ വേലിയേറ്റവും കനത്ത കാറ്റും മഴയും അനുഭവപ്പെടുന്നുണ്ട്.അടിയന്തര സാഹചര്യം നേരിടാൻ ജില്ലകളിൽ എൻഡിആർഎഫ്, എസ്ഡിആഞഎഫ് സംഘത്തെ സജ്ജമാക്കിയിട്ടുണ്ട്. ചുഴലിക്കാറ്റിൻ്റെ സാന്നിധ്യത്തിൽ കേരളത്തിലും താപനില കുറഞ്ഞിട്ടുണ്ട്.
ശ്രീലങ്കയിൽ രണ്ട് ലക്ഷം പേരെയാണ് ഡിറ്റ് വാ ചുഴലിക്കാറ്റ് ബാധിച്ചത്. നൂറിലധികം പേർക്ക് ജീവൻ നഷ്ടമായി. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ഭരണകൂടം. കാണാതായവർക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്. ശ്രീലങ്കയിലെ വിവിധ മേഖലകളിൽ വെള്ളപ്പൊക്കം രൂക്ഷമാണ്. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും മൂവായിരത്തോളം വീടുകൾ തകർന്നു.
18,000 ത്തിലധികം ആളുകളെ മാറ്റിപാർപ്പിച്ചു. രണ്ട് ലക്ഷത്തോളം കുടുംബങ്ങളെ വെള്ളപ്പൊക്കം ബാധിച്ചെന്നാണ് റിപ്പോർട്ട്. നാശനഷ്ടങ്ങൾ കണക്കിലെടുത്താണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കൊളംബോ തുറമുഖം താത്കാലികമായി അടച്ചിരിക്കുകയാണ്. ചെന്നൈയിലേക്കുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്ന് മൂന്നൂറിലധികം യാത്രക്കാരാണ് കൊളംബോ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നത്.




