അഹമ്മദാബാദ് വിമാനാപകടം; ‘പൈലറ്റ് സബര്‍വാള്‍ അനങ്ങിയില്ല, ഫസ്റ്റ് ഓഫിസര്‍ പരിഭ്രാന്തനായി’; നടുക്കി വെളിപ്പെടുത്തല്‍

രാജ്യം നടുങ്ങിയ അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ വീണ്ടും വിവാദ വെളിപ്പെടുത്തലുകളുമായി യുഎസ് മാധ്യമായ വാള് സ്ട്രീറ്റ് ജേണല്‍. വിമാനാദുരന്തം സംബന്ധിച്ച അന്വേഷണത്തിനിടെ ഇന്ത്യയിലെയും യുഎസിലെയും ഉദ്യോഗസ്ഥര്‍ തമ്മില്‍ രൂക്ഷമായ അഭിപ്രായ ഭിന്നതയുണ്ടായെന്ന് വ്യക്തമാക്കിയുള്ള റിപ്പോര്‍ട്ടിലാണ് അപകട കാരണത്തെ കുറിച്ചും കോക്പിറ്റിലെ സംഭാഷണങ്ങളെ കുറിച്ചുമുള്ള പുതിയ വിവരങ്ങള്‍. ദുരന്തം കണ്മുന്നില് കണ്ട ഫസ്റ്റ് ഓഫിസര്‍ പരിഭ്രാന്തനായി ഓ… ഷി*** എന്ന് അലറിയെന്നും വിമാനം നിയന്ത്രിച്ചിരുന്ന ക്യാപ്റ്റന്‍ ശാന്തനായിരുന്നുവെന്നാണ് വോയിസ് റെക്കോര്ഡറിലുള്ളതെന്ന് റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.
ക്യാപ്റ്റന്‍ സബര്‍വാള്‍ വിമാനത്തിന്റെ യോക്ക് പൂര്‍വസ്ഥിതിയിലാക്കാന്‍ ശ്രമിച്ചില്ലെന്നും ഫസ്റ്റ് ഓഫിസറായ ക്ലൈവ് കുന്ദറാണ് ‘പുള്‍ അപി’ന് ശ്രമിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ‘ഈ 10 സെക്കന്റുകളെ കുറിച്ച് ദശാബ്ദങ്ങളോളം വാദപ്രതിവാദങ്ങളും പഠനങ്ങളും വിലയിരുത്തലുകളും ഉണ്ടാകു’മെന്ന് ഫെഡറല്‍ ഏവിയേഷന്‍ പ്രതിനിധിയായി അന്വേഷണ സംഘത്തിലുണ്ടായിരുന്ന പാട്രിക് ലഷ് സമൂഹമാധ്യമത്തില്‍ കമന്റിട്ടെങ്കിലും പിന്നീട് ഡിലീറ്റ് ചെയ്തിരുന്നു. വിമാനത്തിന്റെ ഇന്ധന സ്വിച്ച് ‘റണ്‍’ പൊസിഷനില്‍ നിന്ന് ‘കട്ടോഫി’ലേക്ക് മാറിയെന്നും, സ്വിച്ച് ഓഫ് ചെയ്തത് എന്താണെന്ന് ഒരാള്‍ ചോദിക്കുമ്പോള്‍ മറു ശബ്ദം ഞാനങ്ങനെ ചെയ്തിട്ടില്ലെന്ന് പറഞ്ഞുവെന്നും നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
വിമാനത്തിന്റെ ബ്ലാക് ബോക്സ് വീണ്ടെടുത്തതിന് പിന്നാലെ അന്വേഷണത്തില്‍ വന്‍ പ്രതിസന്ധിയാണ് നേരിട്ടതെന്നും ഇന്ത്യ–യുഎസ് ബന്ധം ഉലയുന്ന തരത്തില്‍ വരെ എത്തിയെന്നും യുഎസ് മാധ്യമം പറയുന്നു. കടുത്ത അഭിപ്രായ വ്യത്യാസവും ആശയവിനിമയത്തിലെ അപാകതയും റിപ്പോര്‍ട്ടിലും പ്രതിഫലിച്ചിട്ടുണ്ടെന്നും വലിയ സങ്കീര്‍ണതയാണ് നേരിട്ടതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. വിമാനത്തില്‍ നിന്ന് വീണ്ടെടുത്ത ബ്ലാക്ബോക്സ് എവിടെ വച്ച് പരിശോധിക്കുമെന്നതിനെ ചൊല്ലിയാണ് തര്‍ക്കം ഉടലെടുത്തത്.
അമേരിക്കയില്‍ നിന്നുള്ള ബ്ലാക്ക് ബോക്സ് സ്പെഷലിസ്റ്റുകള്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം കൊര്‍വയിലെ രഹസ്യ ലബോറട്ടറിയിലേക്ക് സൈനിക വിമാനത്തില്‍ എത്തണമെന്നായിരുന്നു ഇന്ത്യന്‍ അധികൃതരുടെ ആവശ്യം. യുഎസ് നാഷനല്‍ ട്രാന്സ്പോര്ട്ടേഷന് സേഫ്റ്റി ബോര്‍ഡ് ചെയര്‍പഴ്സനായ ജെന്നിഫര്‍ ഹോമന്‍ഡി സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഈ നീക്കത്തെ എതിര്‍ത്തു. ഇന്ത്യയില്‍ പലയിടത്തും ഭീകരവാദികളുടെ സാന്നിധ്യമുണ്ടെന്നും സംഘര്‍ഷ സാധ്യത തള്ളാനാവില്ലെന്ന് സ്റ്റേറ്റ് ഡിപാര്‍ട്മെന്റിന്റെ മുന്നറിയിപ്പുണ്ടെന്നും ഹോമന്‍ഡി പറഞ്ഞു. എന്നാല്‍ സര്‍ക്കാരില്‍ നിന്ന് ഇതിന് മറുപടി ലഭിക്കാതിരുന്നതിന് പിന്നാലെ യുഎസ് ട്രാന്സ്പോര്ട്ടേഷന് സെക്രട്ടറി സീന്‍ ഡഫിയുമായും ബോയിങിന്റെയും ജിഇ എയ്റോസ്പേസിന്റെയും ചീഫ് എക്സിക്യുട്ടീവുമാരുമായും ഹോമന്‍ഡി ബന്ധപ്പെട്ടു. ഇതോടെ സ്റ്റേറ്റ് ഡിപാര്‍ട്മെന്റ് നേരിട്ടിടപെടുകയും നീക്കം തടയുകയുമായിരുന്നു. ന്യൂഡല്‍ഹിയോ വാഷിങ്ടണോ 48 മണിക്കൂറിനകം ബ്ലാക്ബോക്സ് പരിശോധിക്കുന്നതിനായി ഇന്ത്യ തിരഞ്ഞെടുക്കണമെന്നും അല്ലെങ്കില്‍ യുഎസ് സംഘം സഹകരിക്കില്ലെന്നും ഹോമന്‍ഡി നിലപാടെടുത്തുവെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.
ഹോമന്‍ഡിയുടെ സമ്മര്‍ദത്തിന് ഒടുവില്‍ ഇന്ത്യന്‍ അധികൃതര്‍ വഴങ്ങിയെന്നും ഫ്ലൈറ്റ് റെക്കോര്‍ഡറുകള്‍ ന്യൂഡല്‍ഹിയില്‍ വച്ച് എന്‍ടിഎസ്ബിയുടെ പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ച് വിശകലനം ചെയ്യാനും സമ്മതിച്ചുവെന്നും റിപ്പോര്‍ട്ട് പറയുന്നു. സംഭവത്തില്‍ നേരിട്ടിടപെട്ട പന്ത്രണ്ടിലേറെപ്പേരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ വിവരം സ്ഥിരീകരിച്ചെതന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.
തര്‍ക്കം മുറുകിയപ്പോള്‍ ‘ഞങ്ങള്‍ ഒരു മൂന്നാം ലോക രാജ്യമല്ലെന്നും യുഎസിന് ചെയ്യാന്‍ പറ്റുന്നതെല്ലാം ഇന്ത്യയ്ക്കും സാധിക്കുമെന്നും ഇന്ത്യയിലെ ലബോറട്ടറികള്‍ മികവുറ്റതാണെന്നും എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ മേധാവി ജിവിജി യുഗാന്ധര്‍ യുഎസ് ഉദ്യോഗസ്ഥരോട് തുറന്നടിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ന്യൂഡല്‍ഹിയില്‍ കൊണ്ടുപോയി ബ്ലാക്ബോക്സ് പരിശോധിക്കുന്നത് അനാവശ്യ മാധ്യമശ്രദ്ധയ്ക്ക് ഇടയാക്കുമെന്നായിരുന്നു ഇന്ത്യ വാദിച്ചത്. എന്നാല്‍ ബ്ലാക് ബോക്സിലെ വിവരങ്ങള്‍ അറിയുന്നതില്‍ മാത്രമാണ് യുഎസ് ഉദ്യോഗസ്ഥര്‍ ശ്രദ്ധ ചെലുത്തിയതെന്നും ഇത് സംബന്ധിച്ച് ഹോമന്‍ഡി യുഗാന്ധറിനെ പലതവണ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മറുപടിയുണ്ടായില്ലെന്നും വിഡിയോ കോണ്‍ഫറന്‍സിന് യുഎസ് ഉദ്യോഗസ്ഥര്‍ താല്പര്യം പ്രകടിപ്പിച്ചിട്ടും ഇന്ത്യ വഴങ്ങിയില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.
ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അമേരിക്കന്‍ സര്‍ക്കാരും വ്യോമയാന രംഗത്തെ വിദഗ്ധരും അഹമ്മദാബാദ് വിമാനനാപകടം ക്യാപ്റ്റന്‍ സുമീത് സബര്‍വാള്‍ മനഃപൂര്‍വം വിമാനത്തിന്റെ ഇന്ധന സ്വിച്ച് ഓഫാക്കിയത് കൊണ്ട് സംഭവിച്ചതാണെന്നാണ് വിശ്വസിക്കുന്നത്. എന്നാല്‍ ഇന്ത്യയിലെ പൈലറ്റുമാരുടെ സംഘടനയും സര്‍ക്കാരും സുപ്രീംകോടതിയും പൈലറ്റിനെ കുറ്റപ്പെടുത്തി തീരുമാനം പ്രഖ്യാപിച്ചിട്ടേയില്ല. ‘പൈലറ്റിന്റെ പിഴവാണെന്ന് എല്ലാവരും പറയുന്നു, പ്രാഥമിക റിപ്പോര്‍ട്ടില്‍ അത്തരമൊരു സൂചനയുണ്ടെന്നും സത്യം പുറത്തുവരണ’മെന്നും ആവശ്യപ്പെട്ട് ക്യാപ്റ്റന്‍ സബര്‍വാളിന്റെ പിതാവ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഈ കേസ് പരിഗണിക്കവേ, ഇന്ത്യയില്‍ ആരും അത്തരത്തില്‍ കരുതുന്നില്ലെന്നും അപകടമാണ് സംഭവിച്ചതെന്നും കോടതി വ്യക്തമാക്കിയിരുന്നു. വിദേശമാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകളെ കണക്കിലെടുക്കേണ്ടതില്ലെന്നും ഇന്ത്യയില്‍ നിന്നാണ് നീതി ലഭിക്കേണ്ടതെന്നും അത് ലഭിക്കുമെന്നും കോടതി വിശദീകരിക്കുകയും ചെയ്തു.




