നിരപരാധിത്വം തെളിയിക്കുന്നത് വരെ രാഹുലിനെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കില്ല: കെ മുരളീധരന്‍

തിരുവനന്തപുരം: നിരപരാധിത്വം തെളിയിക്കുന്നത് വരെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ പ്രവൃത്തിയെ ന്യായീകരിക്കാന്‍ പാര്‍ട്ടിയോ പാര്‍ട്ടി മുഖപത്രമോ തയ്യാറല്ലെന്നും തിരുത്തേണ്ട സ്ഥലത്ത് പാര്‍ട്ടി തിരുത്തുമെന്നും കെ മുരളീധരന്‍ പറഞ്ഞു. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന് വീക്ഷണം മുഖപ്രസംഗത്തില്‍ പറഞ്ഞത് സിപിഐഎമ്മിനെയും എല്‍ഡിഎഫിനെയും ഉദ്ദേശിച്ചാണെന്നും മുരളീധരന്‍ വ്യക്തമാക്കി. ശബരിമലയിലെ സ്വര്‍ണക്കൊളള മറച്ചുവയ്ക്കാന്‍ വേണ്ടി രാഹുല്‍ വിഷയം ഉയര്‍ത്തിക്കാണിച്ചാല്‍ അതേ രീതിയില്‍ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസും യുഡിഎഫും
തിരുത്തേണ്ട സ്ഥലത്ത് പാര്‍ട്ടി തിരുത്തും. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന് പറഞ്ഞത് സിപിഐഎമ്മിനെയും എല്‍ഡിഎഫിനെയും ഉദ്ദേശിച്ചാണ്. മുകേഷിനെപ്പോലെ ഒരു എംഎല്‍എ കുറ്റപത്രം സമര്‍പ്പിച്ചിട്ട് പോലും എംഎല്‍എ സ്ഥാനം രാജിവയ്ക്കാതിരിക്കുകയും രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വന്നപ്പോള്‍ മാത്രം ധാര്‍മികത പറയുന്നതിലെ തെറ്റ് ചൂണ്ടിക്കാട്ടുകയാണ് മുഖപ്രസംഗം. അല്ലാതെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രവൃത്തിയെ ന്യായീകരിക്കാന്‍ പാര്‍ട്ടിയോ പാര്‍ട്ടി മുഖപത്രമോ തയ്യാറല്ല. രാഹുല്‍ മാങ്കൂട്ടത്തിലിനെ ഞങ്ങള്‍ അന്നേ പുറത്താക്കിയതാണ്. ആ ചാപ്റ്റര്‍ അന്നേ ക്ലോസ് ചെയ്തതാണ്. അതിന്റെ പേരില്‍ ഇപ്പോഴും ഞങ്ങളെ ഉപദേശിക്കാന്‍ വരുന്നവര്‍ അവരുടെ ജനപ്രതിനിധികളെവെച്ച് മാതൃക കാണിക്കണം’: കെ മുരളീധരന്‍ പറഞ്ഞു
ബിനോയ് വിശ്വസം കോണ്‍ഗ്രസിനെ വിമര്‍ശിച്ചതിലും മുരളീധരന്‍ പ്രതികരിച്ചു. ‘ശബരിമലയില്‍ സ്വര്‍ണം കട്ടതില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്ക് പങ്കുണ്ട്. അന്നത്തെ അംഗങ്ങളെ പുറത്താക്കാത്ത പാര്‍ട്ടി നേതാവ് ഞങ്ങളുടെ മുഖത്തെക്കുറിച്ച് കമന്റടിക്കാന്‍ വരേണ്ട. സ്വര്‍ണക്കൊളള മറച്ചുവയ്ക്കാന്‍ വേണ്ടി രാഹുല്‍ വിഷയം ഉയര്‍ത്തിക്കാണിച്ചാല്‍ അതേ രീതിയില്‍ തന്നെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസും യുഡിഎഫും രംഗത്തുണ്ടാകും. ഇതിന്റെ പേരില്‍ യുഡിഎഫിനെ പരാജയപ്പെടുത്താമെന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കരുതേണ്ട. രാഹുല്‍ നിരപരാധിത്വം തെളിയിക്കുന്നത് വരെ അദ്ദേഹത്തെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കില്ല’: കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന തലക്കെട്ടോടെയാണ് രാഹുലിനെ ന്യായീകരിച്ച് വീക്ഷണം മുഖപ്രസംഗം പ്രസിദ്ധീകരിച്ചിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണ് എന്നാണ് കോണ്‍ഗ്രസ് മുഖപത്രത്തില്‍ പറയുന്നത്. കഴുത്തോളം മാലിന്യത്തില്‍ മുങ്ങിനില്‍ക്കുന്ന സിപിഐഎം കോണ്‍ഗ്രസിന്റെ കുപ്പായത്തില്‍ തെറിച്ച ചാണകത്തുളളി കണ്ട് മൂക്കുപൊത്തുന്നത് പോലെ രാഹുലിനെ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിനെതിരെ സദാചാര പ്രസംഗം നടത്തുകയാണെന്ന് വീക്ഷണം വിമർശിക്കുന്നുണ്ട്.




