‘മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം എന്നന്നേയ്ക്കുമായി നിർത്തും’: കുടിയേറ്റ നിയമം കടുപ്പിക്കുമെന്ന് ട്രംപ്

വാഷിങ്ടണ്‍: അമേരിക്കയിൽ കുടിയേറ്റ നിയമം കടുപ്പിക്കുമെന്ന പ്രഖ്യാപനവുമായി യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം എന്നന്നേയ്ക്കുമായി നിർത്തിവെയ്ക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. അനധികൃത കുടിയേറ്റം തടയുക, വിദേശ പൗരന്മാരെ കർശനമായി നിരീക്ഷിക്കുക എന്നിവ ലക്ഷ്യമിട്ടുള്ള നീക്കത്തിൻ്റെ ഭാഗമായി, മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റം സ്ഥിരമായി നിർത്തിവെക്കാൻ തൻ്റെ ഭരണകൂടം പ്രവർത്തിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു.
വൈറ്റ് ഹൗസിന് സമീപം അഫ്ഗാൻ പൗരൻ്റെ വെടിയേറ്റ് നാഷണൽ ഗാർഡ് സൈനികരിൽ ഒരാൾ മരിച്ചതിന് പിന്നാലെയാണ് ട്രംപിന്‍റെ ഈ പ്രഖ്യാപനം വന്നത്. അഫ്ഗാനിസ്ഥാൻ ഉൾപ്പെടെ 19 രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരുടെ സ്ഥിര താമസ പദവി (ഗ്രീൻ കാർഡ്) പുനഃപരിശോധിക്കുമെന്ന് ട്രംപ് നേരത്തെ അറിയിച്ചിരുന്നു-
“അമേരിക്കയെ പൂർണമായി വീണ്ടെടുക്കാൻ എല്ലാ മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുമുള്ള കുടിയേറ്റം ഞാൻ സ്ഥിരമായി നിർത്തിവയ്ക്കും. ജോ ബൈഡൻ ഒപ്പുവെച്ചത് ഉൾപ്പെടെയുള്ള എല്ലാ അനധികൃത പ്രവേശനവും അവസാനിപ്പിക്കും. അമേരിക്കയ്ക്ക് മുതൽക്കൂട്ട് അല്ലാത്തവരെയോ അല്ലെങ്കിൽ നമ്മുടെ രാജ്യത്തെ സ്നേഹിക്കാൻ കഴിയാത്തവരെയോ പുറത്താക്കുകയും ചെയ്യും”- ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.




