ബിഎൽഒമാരുടെ ജോലിഭാരം കുറയ്ക്കാൻ നീക്കം; രാഷ്ട്രീയ പാർട്ടികൾക്ക് കത്തയച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ബിഎൽഒമാരുടെ ജോലിഭാരം കുറയ്ക്കാൻ നീക്കവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. പ്രതിഷേധങ്ങൾക്കിടെയാണ് പുതിയ നീക്കം. ഇത് സംബന്ധിച്ച് അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ കത്തയച്ചു. അധിക ബിഎൽഒമാരെ നിയോഗിക്കാനും ഹെൽപ്പ് ഡെസ്കുകൾ തുറക്കാനുമാണ് തീരുമാനം. ബൂത്തിലെ ബിഎൽഒ ലഭ്യമല്ലെങ്കിൽ നിയോജകമണ്ഡലത്തിൽ ഉള്ള മറ്റൊരാളെ ഉത്തരവാദിത്തമേൽപ്പിക്കാം. ഫോം പൂരിപ്പിച്ച് തിരികെ വാങ്ങുന്നതിന് ഹെൽപ്പ് ഡെസ്കുകൾ തുറക്കാനും രാഷ്ട്രീയ പാർട്ടികളോട് കത്തിൽ അഭ്യർഥിച്ചിട്ടുണ്ട്.ഇതിനായി തെരഞ്ഞെടുപ്പ് ഓഫീസറുടെ സഹായം തേടാമെന്നും കത്തിൽ അറിയിച്ചിട്ടുണ്ട്.ഇതിനുപുറമേ, അപേക്ഷകൾ മൊത്തമായി സമർപ്പിക്കുന്നതിനാവശ്യമായ കൂടുതൽ നിർദേശങ്ങളും ബിഎൽഒമാർക്ക് നൽകിയിട്ടുണ്ട്. കരട് വോട്ടർപട്ടിക പ്രസിദ്ധീകരണത്തിന് മുൻപ് 50 പൂരിപ്പിച്ച ഫോമുകളിൽ കൂടുതൽ ദിവസേന ബിഎൽഒമാർക്ക് നൽകരുതെന്നും കരട് വോട്ടർപട്ടിക പ്രസിദ്ധീകരണത്തിന് ശേഷം ദിവസേന 10 പൂരിപ്പിച്ച ഫോമുകളിൽ കൂടുതൽ നൽകരുതെന്നും നിർദേശത്തിൽ പറയുന്നു.
അതേസമയം, ഔദ്യോഗിക നിർദേശങ്ങൾക്കൊപ്പം ബിഎൽഒമാർക്ക് അസാധാരണ നിർദേശങ്ങൾ നൽകുന്നതും തുടരുകയാണ്. ആൾ ഇല്ലാത്ത സ്ഥലങ്ങളിലും ഫോം നൽകിയതായി കാണിക്കണം. ഫോം തിരികെ ലഭിച്ചില്ലെങ്കിൽ കിട്ടിയില്ല എന്ന് മാർക്ക് ചെയ്യാം. ‘അൺകളക്റ്റഡ്’ എന്ന കോളത്തിൽ ഏതെങ്കിലും ഓപ്ഷൻ നൽകിയാൽ മതി. മരണം, സ്ഥലം മാറി, ആൾ ഇല്ല ഇതിൽ ഏതെങ്കിലും ഓപ്ഷൻ നൽകാനും തലസ്ഥാനത്തെ ഇആർഒ സാമൂഹ്യമാധ്യമത്തിലൂടെ ബിഎൽഒമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.




