ഏഴിമല: ഏഴിമല ഇന്ത്യൻ നാവിക അക്കാഡമിയിൽനിന്ന് പരിശീലനം പൂർത്തിയാക്കിയ 231 ട്രെയിനികൾ പാസിംഗ് ഔട്ട് പരേഡ് നടത്തി ഇന്ത്യൻ നാവിക സേനയുടെ ഭാഗമായി. മാലദ്വീപ് പ്രതിരോധ മന്ത്രി മരിയ അഹമ്മദ് ദീദി മുഖ്യാതിഥിയായി സല്യൂട്ട് സ്വീകരിച്ചു പരേഡ് പരിശോധിച്ചു. ഇന്ത്യ തന്റെ രണ്ടാമത്തെ വീടാണെന്നു പറഞ്ഞ മന്ത്രി ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തെക്കുറിച്ചും സംസാരിച്ചു. മികച്ച വിജയം നേടിയ കേഡറ്റുകൾക്കുള്ള മെഡലുകളും അവർ സമ്മാനിച്ചു.
ബിടെക് ബിരുദം പൂർത്തിയാക്കിയ 123 മിഡ്ഷിപ്പ്മെൻ, നേവൽ ഓറിയന്റേഷൻ കോഴ്സ് എക്സ്റ്റെൻഡഡ്, നേവൽ ഓറിയന്റേഷൻ കോഴ്സ് റഗുലർ, നേവൽ ഓറിയന്റേഷൻ കോഴ്സ് കോസ്റ്റ് ഗാർഡ് എന്നിവ പൂർത്തിയാക്കിയ കേഡറ്റുകളാണ് പരിശീലനം പൂർത്തിയാക്കിയത്. സതേൺ നേവൽ കമാൻഡ് കമാൻഡിംഗ് ഇൻ ചീഫ് ഫ്ലാഗ് ഓഫീസർ വൈസ് അഡ്മിറൽ അനിൽ കുമാർ ചൗളയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ.
ഇന്ത്യൻ നാവിക അക്കാഡമി ബിടെക് കോഴ്സിനുള്ള രാഷ്ട്രപതിയുടെ സ്വർണ മെഡലിന് മിഡ്ഷിപ്പ്മാൻ രഞ്ജൻകുമാർ സിംഗ് അർഹനായി. ബിടെക്കിന്റെ ചീഫ് ഓഫ് നേവൽ സ്റ്റാഫ് വെള്ളിമെഡലിന് കാവിഷ് കൻകരൻ, ഫ്ളാഗ് ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് വെങ്കല മെഡലിന് സ്വപ്നിൽ ശിവം എന്നിവരും അർഹരായി. ഏറ്റവും മികച്ച ഓൾറൗണ്ട് വനിതാ കേഡറ്റിനുള്ള സാമോറിൻ ട്രോഫി ആവൃതി ഭട്ട് നേടി. കേഡറ്റുകൾക്കുള്ള മറ്റു മെഡലുകൾ നേടിയവർ: ചീഫ് ഓഫ് നേവൽ സ്റ്റാഫ് സ്വർണമെഡൽ എൻഒസി (എക്സ്റ്റെൻഡഡ്)-വരദ് എസ്. ഷിൻഡേ, ഫ്ളാഗ് ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് വെള്ളി മെഡൽ എൻ.ഒ.സി (എക്സ്റ്റെൻഡഡ്)- ചിന്തൻ ഛാത്ബാർ, കമാൻഡന്റ് ഐഎൻഎ വെങ്കല മെഡൽ എൻ.ഒ.സി (എക്സ്റ്റെൻഡഡ്)-രാഹുൽ റാണ, ചീഫ് ഓഫ് നേവൽ സ്റ്റാഫ് സ്വർണമെഡൽ എൻഒസി (റഗുലർ)-ആവൃതി ഭട്ട്, കമാൻഡന്റ് ഐഎൻഎ വെള്ളി മെഡൽ എൻഒസി (റഗുലർ)-സിമ്രാൻ പി. കൗർ.
ചീഫ് ഓഫ് ദി നേവൽ സ്റ്റാഫ് റോളിംഗ് ട്രോഫിക്ക് ബിടെക് അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗിൽ സ്വപ്നിൽ ശിവം, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗിൽ രഞ്ജൻകുമാർ സിംഗ്, മെക്കാനിക്കൽ എൻജിനിയറിംഗിൽ ശ്രേയസ് അശോക് പാട്ടീൽ എന്നിവർ അർഹരായി. കർശനമായ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നടന്ന പരേഡിൽ ട്രെയിനികളുടെ കുടുബാംഗങ്ങളും ആഹ്ലാദനിമിഷം പങ്കുവയ്ക്കാനെത്തിയിരുന്നു.