പഞ്ചാബിലെ സപ്ത നക്ഷത്രമാളികയുടെ പേരിൽ അരവിന്ദ് കേജരിവാളിനെതിരെ ബിജെപി; പ്രതികരിച്ച് ആം ആദ്മി

പഞ്ചാബിലെ സപ്ത നക്ഷത്രമാളികയുടെ പേരിൽ മുൻ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കേജരിവാളിനെതിരേ ബിജെപി രംഗത്ത്. പഞ്ചാബ് സർക്കാരിന്റെ വിഭവങ്ങൾ ഉപയോഗിച്ച് ചണ്ഡീഗഡിൽ രണ്ട് ഏക്കർ വിസ്തൃതിയിൽ വലിയ മാളിക നിർമിച്ചതായി അവർ ആരോപിച്ചു. ‘ശീഷ് മഹൽ 2.0’ എന്നാണ് ബിജെപി ഈ മാളികയെ വിശേഷിപ്പച്ചത്. ചണ്ഡീഗഡിലെ സെക്ടർ 2ൽ മുഖ്യമന്ത്രിയുടെ ക്വാട്ടയിൽ കേജരിവാളിന് ആഢംബര സപ്ത നക്ഷത്ര സർക്കാർ മാളിക അനുവദിച്ചിട്ടുണ്ടെന്ന് ഡൽഹി വനിതാ കമ്മിഷൻ മുൻ അധ്യക്ഷ സ്വാതി മാലിവാൾ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപിയുടെ ആക്രമണം.
”ശീഷ് മഹൽ 2.0. ഡൽഹിയിൽ 52 കോടി രൂപ ചെലവഴിച്ച് ശീഷ് മഹൽ നിർമിച്ചതിന് ശേഷം കേജരിവാൾ ഇനി ചണ്ഡീഗഡിലെ രണ്ട് ഏക്കർ വിസ്തൃതിയുള്ള സപ്ത നക്ഷത്ര സർക്കാർ മാളികയിൽ വിശ്രമിക്കും. പൊതുജനങ്ങൾക്ക് മുന്നിൽ ഒരു സാധാരണ മനുഷ്യനെന്ന് നാടകം കളിക്കുന്ന സർ ജീയുടെ രാജകീയ ആഡംബരങ്ങളിൽ ഒട്ടും കുറവില്ല,” എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ ബിജെപി ആരോപിച്ചു.
”ചണ്ഡീഗഢിലെ സെക്ടർ 2ൽ അരവിന്ദ് കേജരിവാളിന് മുഖ്യമന്ത്രിയുടെ ക്വാട്ടയിൽ നിന്ന് രണ്ട് ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ഒരു ആഢംബര സപ്തനക്ഷത്ര സർക്കാർ ബംഗ്ലാവ് അനുവദിച്ചിരിക്കുന്നു,” കേജരിവാളിനെ ‘സൂപ്പർ മുഖ്യമന്ത്രി’ എന്ന് പരിഹസിച്ച് ബിജെപി പറഞ്ഞു. ട്വീറ്റിനൊപ്പം മാളികയുടെ ഉപഗ്രഹ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ”കേജരിവാൾ ഒരു മന്ത്രിയോ എംഎൽഎയോ അല്ല. എന്നിട്ടും ആഢംബര കൊട്ടാരങ്ങളോടും രാജകീയമായ സുഖസൗകര്യങ്ങളോടും ആഢംബരത്തോടുമുള്ള അദ്ദേഹത്തിന്റെ അടുപ്പം ഉപേക്ഷിക്കാൻ തോന്നുന്നില്ല,” ബിജെപി പറഞ്ഞു.




