ഹോക്കിക്ക് വലിയ പ്രാധാന്യമില്ലാത്ത സമയത്ത് അദ്ദേഹം ആദ്യമായി ഒളിമ്പിക് മെഡൽ നേടിത്തന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: ഒളിമ്പിക് മെഡല്‍ നേടിയ ആദ്യ മലയാളി മാനുവല്‍ ഫ്രെഡറികി(78)ന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. രണ്ട് ലോകകപ്പ് ഹോക്കി ടൂര്‍ണമെന്റുകള്‍ ഉള്‍പ്പെടെ നിരവധി മത്സരങ്ങളില്‍ ഇന്ത്യയുടെ ഗോളിയായിരുന്നു അദ്ദേഹം.
ഹെല്‍മറ്റ് ഇല്ലാത്ത 1971 -78 കാലത്ത് ലോകത്തെ മികച്ച ഗോള്‍കീപ്പര്‍മാരില്‍ ഒരാളായിരുന്ന മാനുവല്‍ ഫ്രെഡറിക് പെനാല്‍റ്റി സ്‌ട്രോക്കുകള്‍ തടുക്കുന്നതില്‍ മിടുക്കനായിരുന്നുവെന്ന് അദ്ദേഹം അനുശോചനക്കുറിപ്പില്‍ പറഞ്ഞു.
കേരളത്തില്‍ ഹോക്കിക്ക് വലിയ പ്രാധാന്യമില്ലാത്ത സമയത്താണ് അദ്ദേഹം ആദ്യമായി ഒളിമ്പിക് വെങ്കല മെഡല്‍ സംസ്ഥാനത്തിന് നേടിത്തന്നത്. മാനുവല്‍ ഫ്രെഡറികിന്റെ കുടുംബാംഗങ്ങളുടെയും കായിക പ്രേമികളുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായി മുഖ്യമന്ത്രി വ്യക്തമാക്കി.
ബെംഗളൂരുവിൽ ചികിത്സയിൽ കഴിയവെയായിരുന്നു മാനുവലിന്റെ അന്ത്യം. കണ്ണൂർ സ്വദേശിയാണ് മാനുവൽ.1972-ലെ മ്യൂണിക് ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീമിനൊപ്പം വെങ്കല മെഡൽ നേട്ടം സ്വന്തമാക്കിയിരുന്നു മാനുവൽ ഫ്രെഡറിക്.




