ജോലിസമയം കഴിഞ്ഞ് ഫോണ്‍കോളും സന്ദേശങ്ങളും സ്വീകരിക്കേണ്ട; കേരളം നിയമം പാസാക്കിയോ?

തിരുവനന്തപുരം: രാജ്യത്താദ്യമായി ‘റൈറ്റ് ടു ഡിസ്കണക്റ്റ്’ ബിൽ കേരള നിയമസഭയിൽ അവതരിപ്പിച്ചെന്നും പാസായെന്നുമൊക്കെ ഓൺലൈനിലും സോഷ്യൽ മീഡിയയിലും വലിയരീതിയിൽ പ്രചാരണം നടക്കുന്നു. എന്നാല്‍ ഇത്തരത്തിലൊരു ബിൽ കേരള നിയമസഭയിൽ അവതരിപ്പിക്കുകയോ പാസാക്കുകയോ ചെയ്തിട്ടില്ലെന്നതാണ് വസ്തുത. സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്ക് ജോലിസമയത്തിനുശേഷം ഔദ്യോഗിക ഫോൺവിളികളോ സന്ദേശങ്ങളോ സ്വീകരിക്കാതിരിക്കാനുള്ള അവകാശമാണ് റൈറ്റ് ടു ഡിസ്കണക്റ്റ്. അവതരിപ്പിക്കപ്പെടുകപോലും ചെയ്യാത്ത ബില്ലിന് ഇത്ര പ്രചാരം ലഭിക്കാൻ കാരണമെന്തെന്ന് നോക്കാം.
ജോലിയും വ്യക്തിജീവിതവും തമ്മിലുള്ള അതിരുകൾ മായ്ക്കുന്ന ആധുനിക സാങ്കേതികവിദ്യയുടെ വളർച്ചയിൽ നിന്ന് ഉടലെടുത്തതാണ് റൈറ്റ് ടു ഡിസ്കണക്റ്റ് എന്ന ആശയം. ജോലി സമയത്തിനുശേഷവും ഫോൺകോളുകളും സന്ദേശങ്ങളും സ്വീകരിക്കേണ്ടിവരുന്നത് ജീവനക്കാരിൽ സമ്മർദവും പിരിമുറുക്കവും വർധിപ്പിക്കുന്നു. ഇതിൽ നിന്നുള്ള മോചനം എന്ന നിലയിലാണ് ഇത്തരമൊരു ആശയം ഉയർന്നുവന്നത്. ഫ്രാൻസ്, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിൽ നിയമപരമായി ഇത് നിലവിലുണ്ട്.




