കൊച്ചി മെട്രോ രണ്ടാം ഘട്ടം: പ്രതിസന്ധി ഇതോ? ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കാൻ കളക്ടറുടെ നിർദേശം

കൊച്ചി: ഐടി നഗരമായ കൊച്ചിയുടെ ഗതാഗതരംഗത്ത് ശക്തമായ സാന്നിധ്യമാണ് കൊച്ചി മെട്രോ വഹിക്കുന്നത്. നഗരത്തിലെ ഗതാഗതക്കുരുക്കിൽ കുടുങ്ങാതെ അതിവേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്താനാകുന്ന മെട്രോ സർവീസുകൾ യാത്രക്കാർ ഏറ്റെടുത്തു. കൊച്ചി നഗരത്തിൻ്റെ വിവിധ കോണുകളിലെ ഗതാഗതം സുഗമമാക്കുകയെന്ന ലക്ഷ്യത്തോടെ മെട്രോയുടെ രണ്ടാം ഘട്ടം അതിവേഗത്തിലാണ് പുരോഗമിക്കുന്നത്.
1,957.05 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കൊച്ചി മെട്രോ രണ്ടാം ഘട്ടമായ പിങ്ക് ലൈൻ ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് II വരെ നീളുന്നതാണ്. 11.2 കിലോമീറ്റർ ദൈർഘ്യമുള്ള റൂട്ടിൽ 11 സ്റ്റേഷനുകൾ ഉണ്ടാകും. കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന്റെ വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) 2022 സെപ്റ്റംബറിൽ കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചിരുന്നു. ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്ക് (എഐഐബി) രണ്ടാം ഘട്ടത്തിന് ഭാഗികമായി ധനസഹായം നൽകും.
കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടം പൂർണമായും പൂർത്തിയാക്കി 2028 ആദ്യത്തോടെ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിൽ നടപടിക്രമങ്ങൾ വേഗത്തിലാണ് പുരോഗമിക്കുന്നത്. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കാലതാമസ്സം ഒഴിവാക്കാനുള്ള നിർദേശം എറണാകുളം കളക്ടർ ജി പ്രിയങ്ക നൽകി. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിനായുള്ള ഭൂമി ഏറ്റെടുക്കൽ സമയബന്ധിതമായി പൂർത്തിയാക്കാൻ കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള മെട്രോ രണ്ടാം ഘട്ടത്തിലെ വിവിധ സ്റ്റേഷനുകൾക്കുള്ള ഭൂമി ഏറ്റെടുക്കൽ പുരോഗതി വിലയിരുത്തുന്നതിനിടെയാണ് കളക്ടറുടെ നിർദേശമുണ്ടായത്.




