കൊച്ചുകൂരയില്‍ ഞെരുങ്ങിക്കഴിയുന്ന 21 പേര്‍; ആദിവാസി കുടുംബത്തിന്റെ ദുരിതജീവിതത്തിന് അറുതി; മറ്റൊരു താമസസ്ഥലം ഒരുക്കി ഐടിഡിപി

നിലമ്പൂര്‍ പാറേക്കാട് സ്ഥലപരിമിതിയുള്ള വീട്ടില്‍ കഴിഞ്ഞിരുന്ന ആദിവാസി കുടുംബത്തിന്റെ ദുരിതജീവിതത്തിന് അറുതി. കുറുമ്പിയമ്മയ്ക്കും കുടുംബത്തിനും ഐടിഡിപി മറ്റൊരു താമസ സൗകര്യം ഒരുക്കി. വാര്‍ത്തയ്ക്ക് പിന്നാലെ വിഷയത്തില്‍ ഇടപെട്ട മനുഷ്യാവകാശ കമ്മിഷന്‍ 15 ദിവസത്തിനുള്ളില്‍ ഐടിഡിപി പ്രൊജക്ട് ഓഫിസറോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത് രണ്ട് ദിവസത്തിനുള്ളിലാണ് മനുഷ്യാവകാശ കമ്മിഷന്‍ ഈ വാര്‍ത്തയില്‍ ഇടപെട്ടത്
ചെറിയ കൂരയില്‍ 21 പേര്‍ തിങ്ങിഞെരുങ്ങി കഴിയുന്നതിന്റെ ഹൃദയം നോവിക്കുന്ന ദൃശ്യങ്ങളാണ് ഈ മാസമാദ്യം പുറത്തുവിട്ടത്. ഒറ്റവീട്ടില്‍ ഞെരുങ്ങിക്കഴിയുന്നവരില്‍ 88 വയസുള്ള വയോധികയുമുണ്ടായിരുന്നു. വീട്ടില്‍ ആകെ മൂന്ന് മുറികള്‍ മാത്രമാണുള്ളത്. ഒരു മുറിയില്‍ എട്ട് പേര്‍ക്കെങ്ങിലും കിടക്കേണ്ടി വരും. കൊച്ച് വീട്ടിലെ മുറിയിലെ ഇട്ടാവട്ടസ്ഥലത്ത് 8 ആളുകള്‍ക്ക് നീണ്ടുനിവര്‍ന്ന് കിടക്കാനുമാകില്ല. ചിലരെല്ലാം കിടക്കുമ്പോള്‍ മറ്റ് ചിലര്‍ ഇരുന്നുറങ്ങി നേരം വെളുപ്പിക്കണം. ഇത്തരത്തില്‍ ഇരുന്നുറങ്ങേണ്ടി വരുന്ന രാത്രികളെക്കുറിച്ച് 88 വയസുകാരി കുറുമ്പിയമ്മ പറഞ്ഞ അനുഭവസാക്ഷ്യങ്ങള്‍ ആരുടേയും ഉള്ളുലയ്ക്കുന്നതായിരുന്നു.




