പിണറായി വിജയൻ സർക്കാർ അധികാരമേറ്റതിന് ശേഷം കയർ മേഖലയിൽ ഒട്ടേറെ മാറ്റങ്ങൾ വന്നു: മന്ത്രി പി രാജീവ്

കമ്പോളത്തിൻ്റെ താൽപ്പര്യം അനുസരിച്ചുള്ള ഉൽപ്പാദനം കയർ മേഖലയിൽ വേണമെന്ന് മന്ത്രി പി രാജീവ്. ആലപ്പുഴയിൽ കയർ കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി വിജയൻ സർക്കാർ അധികാരമേറ്റതിനു ശേഷം കയർ മേഖലയിൽ ഒട്ടേറെ മാറ്റങ്ങൾ വന്നതായും അദ്ദേഹം പറഞ്ഞു. പ്രശ്നങ്ങൾ മനസിലാക്കി അതിനുള്ള പരിഹാരം കാണാനാണ് സർക്കാർ ശ്രമിച്ചത്. ഇതേ തുടർന്ന് കയർ മേഖലയിൽ ഉൽപ്പാദനം വർധിച്ചു. 2021 മുതൽ 2025 വരെയുള്ള കാലയളവിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് 54823 ടൺ ഉത്പാദനം വർദ്ധിച്ചതായും മന്ത്രി പി രാജീവ് പറഞ്ഞു.
തുടർന്നും നവീകരണത്തിനും തൊഴിലാളികളുടെ വേതന വർധനയ്ക്കുമുള്ള നടപടികൾ സ്വീകരിച്ച് മുന്നോട്ടു പോകുമെന്ന് പി രാജീവ് പറഞ്ഞു. കയറ്റുമതിക്കാർ യൂണിയൻ പ്രതിനിധികൾ കയർ സഹകരണസംഘം പ്രതിനിധികൾ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ കേരള സ്റ്റേറ്റ് ഇൻസ്റ്റ്യൂട്ട് ഓഫ് ഡിസൈൻ തുടങ്ങിയ മേഖലകളിൽ നിന്നുള്ളവരാണ് കോൺക്ലേവിൽ പങ്കെടുക്കുന്നത്.
ഫിഷറീസ് സാംസ്കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. കയർ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിച്ച് സർക്കാർ മുന്നോട്ട് പോകുമെന്ന് സജി ചെറിയാൻ പറഞ്ഞു. എംഎൽഎമാരായ. പി പി ചിത്തരഞ്ജൻ എച്ച് .സലാം, ദിലീമ ജോജോ കൂടാതെ കയർ മേഖലയിലെ വിദഗ്ദർ അടക്കമുള്ളവർ കോൺക്ലവിൽ പങ്കെടുത്തു.




