ഡിജിറ്റൽ പേയ്മെന്റ്, ട്രാവൽ കാര്‍ഡ്, ചലോ ആപ്പ്; അടിമുടി മാറി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: അടിമുടി മാറ്റത്തിന്റെ പാതയിലാണ് കെഎസ്ആര്‍ടിസി. ഡിജിറ്റൽ പേയ്മെന്റ്, ട്രാവൽ കാര്‍ഡ്, ചലോ ആപ്പ് തുടങ്ങിയ നിരവധി നൂതനമായ ആശയങ്ങളാണ് കെഎസ്ആര്‍ടിസി ഇപ്പോൾ വിജയകരമായി നടപ്പിലാക്കി വരുന്നത്. കാലാനുസൃതമായി ബസുകളിൽ വരുത്തുന്ന മാറ്റങ്ങളും നവീകരണവുമെല്ലാം യാത്രക്കാരെ കൂടുതലായി ആകര്‍ഷിക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ. ഇതിന് തെളിവായി സെപ്റ്റംബര്‍ 8ന് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം അഥവാ ഓപ്പറേറ്റിംഗ് റവന്യു കെഎസ്ആര്‍ടിസി കൈവരിച്ചിരുന്നു. ഒറ്റ ദിവസം 10.19 കോടി രൂപയാണ് കെഎസ്ആർടിസി സ്വന്തമാക്കിയത്.
ട്രാവൽ കാര്‍ഡ്
നിലവിൽ 1 ലക്ഷത്തിലധികം ആളുകളാണ് ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യാൻ ട്രാവൽ കാര്‍ഡ് ഉപയോഗിക്കുന്നത്. യാത്രകൾ കൂടുതൽ സുഗമമാക്കാനും ചില്ലറയുടെ പ്രശ്നങ്ങൾ ഒഴിവാക്കാനും ട്രാവൽ കാർഡ് സഹായിക്കും. ഈ ട്രാവൽ കാർഡിന് 100 രൂപയാണ് ചാർജ്. കാർഡ് വാങ്ങുമ്പോൾ സീറോ ബാലൻസിൽ ആണ് ലഭിക്കുക. അതായത്, കാർഡ് ലഭിച്ച ശേഷം നിങ്ങൾക്ക് ഇഷ്ടമുള്ള തുക റീചാർജ് ചെയ്ത് ഉപയോഗിക്കാൻ തുടങ്ങാം. കാർഡിന് ഒരു വർഷത്തെ കാലാവധിയുണ്ട്.
ഈ ട്രാവൽ കാർഡിൽ റീചാർജ് ചെയ്യാവുന്ന ഏറ്റവും കുറഞ്ഞ തുക 50 രൂപയാണ്. പരമാവധി 3000 രൂപ വരെ നിങ്ങൾക്ക് റീചാർജ് ചെയ്യാം. റീചാർജ് ചെയ്യുമ്പോൾ കെഎസ്ആർടിസി പ്രത്യേക ആനുകൂല്യങ്ങളും നൽകുന്നുണ്ട്. 1000 രൂപ ചാർജ് ചെയ്താൽ 40 രൂപയും, 2000 രൂപ ചാർജ് ചെയ്താൽ 100 രൂപയും അധികമായി കാർഡിൽ ക്രെഡിറ്റ് ആകും. ഇത് യാത്രക്കാർക്ക് കൂടുതൽ ലാഭകരമാണ്.




