Uncategorized

പുല്‍പ്പള്ളി കള്ളക്കേസ് പ്രത്യേക സംഘം അന്വേഷിക്കും; സുല്‍ത്താന്‍ ബത്തേരി ഡിവൈഎസ്പിക്ക് അന്വേഷണ ചുമതല

പുല്‍പ്പള്ളി: പുല്‍പ്പള്ളി കള്ളക്കേസ് പ്രത്യേക സംഘം അന്വേഷിക്കും. സുല്‍ത്താന്‍ ബത്തേരി ഡിവൈഎസ്പി അബ്ദുല്‍ ഷരീഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുക. കള്ളക്കേസില്‍ കുടുങ്ങിയ തങ്കച്ചന്‍ അഗസ്റ്റിന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തില്‍ മുഖ്യപ്രതിയെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചതായാണ് സൂചന. തങ്കച്ചന്റെ വീട്ടില്‍ സ്ഫോടക വസ്തുകൊണ്ടുവെച്ചയാളെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും.

കഴിഞ്ഞ മാസമായിരുന്നു സംഭവം നടന്നത്. വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് സമീപത്തുനിന്ന് മദ്യവും സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂടിയായ തങ്കച്ചനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് തങ്കച്ചന്റെ വീട്ടില്‍ പരിശോധനയ്ക്ക് എത്തിയത്. നിരപരാധിയെന്ന് തുടക്കം മുതല്‍ തങ്കച്ചന്‍ പറയുന്നുണ്ടായിരുന്നെങ്കിലും പൊലീസ് അത് വകവെച്ചിരുന്നില്ല. തൊട്ടടുത്ത ദിവസം ഉച്ചയ്ക്ക് രണ്ട് മണിവരെ പൊലീസ് ഉദ്യോഗസ്ഥര്‍ സ്‌റ്റേഷനില്‍ വെച്ചു. മൂന്നരയോടെയാണ് തങ്കച്ചനെ കോടതിയില്‍ ഹാജരാക്കിയത്. തുടര്‍ന്ന് കോടതി തങ്കച്ചനെ റിമാന്‍ഡ് ചെയ്യുകയും സബ് ജയിലിലേയ്ക്ക് മാറ്റുകയും ചെയ്തു. പതിനേഴ് ദിവസം ജയിലില്‍ കഴിഞ്ഞ ശേഷം ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് തങ്കച്ചന്‍ ജയില്‍മോചിതനായത്.

ഇതിന് പിന്നാലെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരാണ് തന്നെ കുടുക്കിയതെന്ന് തങ്കച്ചന്‍ പറഞ്ഞിരുന്നു. മുള്ളംകൊല്ലിയില്‍ നടന്ന കോണ്‍ഗ്രസിന്റെ പഞ്ചായത്ത് വികസന സമിതി യോഗത്തിനിടെ നടന്ന ചില സംഭവങ്ങളാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ഡിസിസി സെക്രട്ടറി വീട്ടില്‍ കിടത്തിയുറക്കില്ലെന്ന് ഭീഷണിമുഴക്കിയിരുന്നുവെന്ന് തങ്കച്ചന്‍ പറഞ്ഞു. രണ്ടാം വാര്‍ഡിലെ പഞ്ചായത്ത് മെമ്പര്‍, പെരിക്കല്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ മീഡിയ, മുള്ളംകൊല്ലിയിലെ മുന്‍ മണ്ഡലം പ്രസിഡന്റ്, മണ്ഡലം ട്രഷറര്‍ അടക്കമുള്ളവര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും ഡിസിസി അദ്ധ്യക്ഷന്‍ എന്‍ ഡി അപ്പച്ചന്റെ പങ്ക് സംശയിക്കുന്നതായും തങ്കച്ചന്‍ പറഞ്ഞിരുന്നു. തങ്കച്ചന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കെപിസിസി ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. രാജേഷിനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button