റഷ്യ-യുക്രെയ്ൻ സംഘർഷം: റഷ്യക്കെതിരെ രണ്ടാംഘട്ട ഉപരോധത്തിന് തയ്യാറെന്ന് ട്രംപ്

വാഷിങ്ടൺ: റഷ്യക്കെതിരെ രണ്ടാംഘട്ട ഉപരോധത്തിനൊരുങ്ങി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകൻ്റെ ചോദ്യത്തിനാണ് റഷ്യയ്ക്കെതിരെ രണ്ടാം ഘട്ട ഉപരോധമേർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡൻ്റ ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയത്. യുക്രെയ്നിലെ കീവിൽ ഇന്നലെ റഷ്യ നടത്തിയ രൂക്ഷമായ ആക്രമണത്തിന് പിന്നാലെയാണ് ട്രംപിൻ്റെ പ്രസ്താവന.റഷ്യയ്‌ക്കെതിരെ കൂടുതൽ ഉപരോധമുണ്ടാകുമെന്ന് യുഎസ് നേരത്തേ നിരന്തരം ഭീഷണി മുഴക്കിയിരുന്നുവെങ്കിലും സമാധാന ചർച്ചകളുടെ പശ്ചാത്തലത്തിൽ തത്ക്കാലത്തേക്ക് നടപടി നീട്ടിവച്ചിരിക്കുകയായിരുന്നു. ഇതോടെ റഷ്യയിൽ നിന്ന് അസംസ്‌കൃത എണ്ണ വാങ്ങുന്നതിൻ്റെ പേരിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കുമേൽ കൂടുതൽ തീരുവ ചുമത്താനുള്ള സാധ്യതയുമേറി. പിഴയുൾപ്പെടെ 50 ശതമാനം അധികത്തീരുവയാണ് നിലവിൽ യുഎസ് ഇന്ത്യക്കുമേൽ ചുമത്തിയിരിക്കുന്നത്. റഷ്യ – യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് സമാധാന ശ്രമങ്ങൾക്ക് മുന്നിട്ടിറങ്ങിയ ട്രംപിനെ ഇരുരാജ്യങ്ങളും തമ്മിൽ സംഘർഷം മൂർച്ഛിക്കുന്നത് അസ്വസ്ഥനാക്കുന്നുണ്ട്. തുടർന്നാണ് രണ്ടാം ഘട്ട ഉപരോധത്തിലൂടെ റഷ്യക്കുമേൽ സമ്മർദം ശക്താക്കാനുള്ള നീക്കം.




